പേവിഷബാധയേറ്റ പശുവിന്റെ പാല്‍ കുടിച്ചു.. യുവതിക്ക് ദാരുണാന്ത്യം.. ആശങ്കയോടെ ഗ്രാമം….

പേവിഷബാധയേറ്റ പശുവിന്റെ പാല്‍ കുടിച്ച യുവതി മരിച്ചു.പശുവിന്റെ പാലില്‍ നിന്ന് റാബിസ് ബാധിച്ച യുവതിയാണ് മരണത്തിന് കീഴടങ്ങിയത്.ഡല്‍ഹി എന്‍സി ആറിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് പശുവിനെ തെരുവ് നായ കടിച്ചിരുന്നു. ഈ പശുവിന്റെ പാല് കുടിച്ചതിനെ തുടര്‍ന്ന് യുവതി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. തിളപ്പിക്കാത്ത പാലാണ് യുവതി കുടിച്ചതെന്നാണ് പറയപ്പെടുന്നത്.

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നിലധികം ആശുപത്രികളില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി. കര്‍ഷകരായ യുവതിയുടെ കുടുംബം ഗ്രാമത്തില്‍ പശുവിന്‍പാല്‍ വിറ്റിരുന്നു. പശുവിനെ തെരുവ്‌നായ കടിച്ചതിനെത്തുടര്‍ന്ന് പേ വിഷബാധയേറ്റകാര്യം അറിയാതെയാണ് യുവതി പാല്‍ കുടിക്കുന്നത്. പശു രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കുടുംബം വാക്‌സിനേഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി എടുത്തിരുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പശു ഒരു കിടാവിനെ പ്രസവിച്ചിരുന്നുവെന്നും അതിന്റെ പാല് കുടുംബവും മറ്റ് ഗ്രാമവാസികളും പതിവായി കുടിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

അണുബാധ തിരിച്ചറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ ചില ആളുകള്‍ പോസ്റ്റ്-എക്‌സ്‌പോഷര്‍ റാബിസ് വാക്‌സിനേഷന്‍ എടുത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാബീസുമായി ബന്ധപ്പെട്ട വെള്ളത്തോടുളള ഭയം ഉള്‍പ്പടെ ഗുരുതരമായ ലക്ഷണങ്ങള്‍ യുവതി പ്രകടിപ്പിച്ചിരുന്നു. യുവതിയുടെ മരണത്തോടെ പരിഭ്രാന്തിയിലായ ഗ്രാമവാസികളോട് വൈദ്യ സഹായം തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

Related Articles

Back to top button