മകന്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ അപകടം.. വയോധികയ്ക്ക് ദാരുണാന്ത്യം…

മകന്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ വയോധിക പിക്കപ്പ് ലോറിയിടിച്ച് മരിച്ചു. പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്ഭവന്‍ വീട്ടില്‍ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തകുമാരി (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പാറ ഇരട്ടക്കുളം റോഡില്‍ നോമ്പിക്കോട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിൽ രണ്ട് അമ്മമാരെയാണ് ഒറ്റ ദിവസം നഷ്ടമായത്.

കൊച്ചുമകൻ അഭിജിത്തിനൊപ്പം ബൈക്കിലാണ് ശാന്തകുമാരി സഞ്ചരിച്ചത്. ഇരട്ടക്കുളത്തേക്ക് പോകുന്നതിനിടെ ഓവര്‍ടേക്ക് ചെയ്ത കാറില്‍ തട്ടി ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം എതിരെ വന്ന പിക്കപ്പ് ലോറി ശാന്തകുമാരിയെ ഇടിച്ചു. മകന്‍ സനീഷ് രാജിന്റെ ഭാര്യ നിത്യയുടെ അമ്മ സത്യഭാമ ഇന്ന് രാവിലെ 11 മണിയോടെ മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ശാന്തകുമാരി മകള്‍ സംഗീതയുടെ മകനുമൊത്ത് ഇവിടേക്ക് പുറപ്പെട്ടത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് മണിയോടെ സംസ്‌കാരം നടക്കും. സജിതയാണ് ശാന്തകുമാരിയുടെ മറ്റൊരു മകള്‍. മരുമക്കള്‍: പ്രേമദാസ്, സജു. ഇരട്ടക്കുളം നിത്യാ നിവാസ് വിജയകുമാറിന്റെ ഭാര്യയാണ് മരണപ്പെട്ട സത്യഭാമ (62). മകന്‍ കൃഷ്ണകുമാര്‍. ഇവരുടെ മൃതദേഹവും നാളെ സംസ്‌കരിക്കും.

Related Articles

Back to top button