കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യ.. വഴിത്തിരിവ്..മരണത്തിന് പിന്നിൽ ആൺസുഹൃത്തെന്ന് മാതാവ്…

കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് പെൺകുട്ടിയുടെ കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും റസീനയുടെ മാതാവ് പറഞ്ഞു. പ്രതികളിലേക്ക് നയിക്കുന്ന സൂചന ആത്മഹത്യാകുറിപ്പിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രതികരണം. യുവതിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാതാവിന്‍റെ പരാതി അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. നടന്നത് സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും ആരോപണമുണ്ട്.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Related Articles

Back to top button