വഴക്കിനിടയിൽ പറഞ്ഞ ഒരു വാക്ക് വിനയായി.. പിരിയാൻ തീരുമാനിച്ച് ദമ്പതികൾ.. വനിതാകമ്മീഷന്റെ ഇടപെടലിൽ ഒടുവിൽ തെറ്റ് തിരുത്തി ദമ്പതിമാർ..
തമ്മിൽ വഴക്കുകൂടിയ സമയത്ത് ഭർത്താവ് ഉപയോഗിച്ച തെറ്റായ ഒരു വാക്ക് വഴിവച്ചത് മാസങ്ങൾ നീണ്ട ദാമ്പത്യ വഴക്കിലേക്കും ഡിവോഴ്സിലേക്കും.ഒടുവിൽ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനും ക്ഷമ പറയാനും ഭർത്താവ് തയ്യാറായതോടെ ദമ്പതികൾ ഒത്തൊരുമിച്ചു മടങ്ങി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്ത് വേദിയിലാണ് തെറ്റുകൾ ഏറ്റുപറഞ്ഞ് ദമ്പതികൾ ഒന്നിച്ചത്.
നിസാരമായ കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു തെറ്റായ പദപ്രയോഗം ഉണ്ടായത്. വനിതാ കമ്മീഷന് മുന്നിൽ പരാതിയെത്തിയപ്പോൾ ഇരുകൂട്ടരേയും വിളിച്ചുവരുത്തി കൗൺസലിംഗ് നൽകുകയായിരുന്നു. കൗൺസലിംഗിലൂടെ ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് പരിഹരിക്കാൻ കഴിഞ്ഞതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
അതേസമയം അയൽക്കാർ തമ്മിലുള്ള സ്വത്ത് തർക്കങ്ങളും കേസുകളും തിരുവനന്തപുരം ജില്ലയിൽ കൂടി വരുന്നതായും അഡ്വ. സതീദേവി പറഞ്ഞു. വഴി, മതിൽ തുടങ്ങി മരത്തിൻ്റെ ഇല വീഴുന്നതുവരെ തർക്കങ്ങൾക്കും കേസുകൾക്കും കാരണമാവുന്നുണ്ട്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിൻ്റെ പേരിൽ സഹോദരിക്ക് കുടുംബസ്വത്തിൽ അവകാശം നിഷേധിക്കുന്നത് സംബന്ധിച്ച പരാതിയും പരിഗണനയ്ക്കെത്തി. അതുപോലെ സ്ത്രീകൾക്കിടയിലുള്ള പണമിടപാട് സംബന്ധിച്ച പരാതികളും വർധിക്കുകയാണ്. മൂന്ന് ഇടപാടുകളിൽ പണം നൽകി പറ്റിക്കപ്പെട്ടതായ കേസും പരിഗണനയ്ക്ക് വന്നിരുന്നു. വായ്പ ലഭ്യമാകാൻ യഥേഷ്ടം അംഗീകൃത വഴികൾ ഉണ്ടെന്നിരിക്കേ, ഒരു രേഖയും ഇല്ലാത്ത ഇടപാടുകളിൽ ചെന്നുപെടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.