കുടുംബ വഴക്ക്.. ഭര്‍ത്താവിന്റെ നാവിന്റെ ഒരുഭാഗം കടിച്ചെടുത്ത് ഭാര്യ.. കേസ്…
കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്‌ക്കെതിരെ കേസ്. ഭര്‍ത്താവിനെ ആക്രമിച്ചതിന് രവീണ സെയിന്‍ എന്ന 23 വയസുകാരിയ്‌ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 115 (2), 118 (2) എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രവീണയുടെ വിവാഹം കഴിഞ്ഞത്. രവീണയും ഭര്‍ത്താവും തമ്മില്‍ കലഹിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള രാത്രിയിലും ഇവര്‍ വലിയ രീതിയില്‍ കലഹിച്ചിരുന്നതായി അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഭര്‍ത്താവ് വഴക്കുപറഞ്ഞയുടന്‍ രവീണ ഭര്‍ത്താവിന്റെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. ആക്രമണത്തില്‍ നാവിന്റെ ഒരു ഭാഗം അറ്റുപോയി. ഇതിന് ശേഷം രവീണ സ്വന്തം മുറിയിലേക്ക് പോകുകയും അരിവാള്‍ കൊണ്ട് തന്റെ കൈത്തണ്ട മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രവീണയുടെ ഭര്‍ത്താവ് കനയ്യലാലിനെ ബന്ധുക്കള്‍ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.