യുവതിയെ മർദിച്ച് മനുഷ്യവിസർജ്യം തീറ്റിച്ചു… തടയാൻ ശ്രമിച്ചയാൾക്കും മർദ്ദനമേറ്റു…
യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം തീറ്റിച്ചെന്ന് പരാതി ഒഡീഷയിലെ ബൊലാൻഗീർ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തിലാണ് സംഭവം. നവംബർ 16-നാണ് ഇരുപതുകാരിയായ ആദിവാസി യുവതിക്ക് നേരേ ആദിവാസി വിഭാഗക്കാരനല്ലാത്തയാൾ ക്രൂരത കാട്ടിയത്.
പ്രതി യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. ഇത് യുവതി ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ഇതോടെ ഇയാൾ യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം.
കുറ്റവാളിക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ബി.ജെ.ഡി എം.പി നിരഞ്ജൻ ബിസി പറഞ്ഞു. ഭംഗമുണ്ടയിൽ ക്രമസമാധാനനില തകർന്നാൽ സംസ്ഥാന സർക്കാർ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രതി ഒളിവിലാണെന്ന് എസ്.പി. ഗിലാരി ഋഷികേഷ് ധ്യാൻദിയോ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും പ്രതിയെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.