ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ

അരിമ്പൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമൊത്താണ് അരിമ്പൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയത്. ഉത്സവത്തിന്‍റെ പ്രധാന ദിവസമായതിനാൽ ക്ഷേത്ര പരിസരത്തെല്ലാം വലിയ ആൾത്തിരക്കായിരുന്നു.
അതിനിടെ രാത്രി ഏഴുമണിയോടെ ആണ് കുഞ്ഞിന്‍റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും പോലീസും പിൻതുടർന്നതോടെ അവർ മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ അന്തിക്കാട് പോലീസിന് കൈമാറി.
മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്‍റെ കഴുത്തിന് മുറിവേറ്റു. ക്ഷേത്ര ഉത്സവങ്ങളുടെ മറവിൽ മോഷണം നടത്തുന്ന സംഘത്തിലുള്ള ആളാണ് പിടിയിലായ യുവതി എന്ന് പോലീസ് പറയുന്നു. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. കുടുംബത്തിന്‍റെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.




