നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ സിപിഎമ്മിന് മറ്റൊരു ചോയ്സില്ല; മന്ത്രി വി ശിവൻകുട്ടി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും

സംസ്ഥാന അധ്യക്ഷനെയിറക്കി നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ മന്ത്രി വി.ശിവൻ കുട്ടി തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും. കണക്കുകൾ രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷയേറ്റുമ്പോള്‍ മണ്ഡലം കൈവിടാതിരിക്കാൻ ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎം വിലയിരുത്തൽ. കെ.മുരളീധരൻ വന്ന് കരുത്തുകാട്ടിയ നേമത്ത് ഇത്തവണ സൂപ്പർ സ്റ്റാറുകളെ കോൺഗ്രസ് കളത്തിലിറക്കാനിടയില്ല. 2011ൽ വോട്ടെണ്ണലിനിടെ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചെങ്കിലും അവസാനാം വി ശിവൻകുട്ടി മുന്നിലെത്തുകയും ഒ രാജഗോപാൽ പരാജയപ്പെടുകയുമായിരുന്നു. പിന്നീട് 2016 വീണ്ടും ശിവൻകുട്ടിയും,  ഒ രാജഗോപാലും തമ്മിൽ നേമത്ത് മത്സരിച്ചു. 2016ൽ നേമത്ത് ചരിത്രം തിരുത്തി ഒ രാജഗോപാൽ വിജയിച്ചു. യുഡിഎഫ് അന്ന് ആറായിലത്തിലധികം വോട്ടുകളാണ് കുറഞ്ഞത്. 2019ലെ ലോക്‌സഭാ  തിരഞ്ഞെടുപ്പിലും നേമം ബിജെപിക്ക് ലീഡ് നൽകി. 2021ൽ നേമം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ശിവൻകുട്ടിയെ തന്നെ സിപിഎം വീണ്ടുമിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും വന്നു. ഇതോടെ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താനിറങ്ങിയ കുമ്മനം രാജശേഖരന് അടിപതറി. അങ്ങനെ ശിവൻകുട്ടി നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി. അതിനാൽ തന്നെ 2026ലും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

Related Articles

Back to top button