സ്വന്തം വീട്ടിലൊന്ന് കയറിയിട്ട് 3 വർഷം….റോഡുയർത്തി പണിതതോടെ വീട്ടിലക്ക് വഴിയില്ല…

ഇടുക്കി ചേറ്റുകുഴിക്ക് സമീപം റോഡ് ഉയർത്തി പണിതതോടെ വീട്ടിലേക്ക് കയറാൻ വഴിയില്ലാതെ വിഷമിക്കുകയാണ് 75 കാരിയായ വിധവ. മൂന്ന് വർഷത്തോളമായി ബന്ധു വീടുകളിലും വാടക വീട്ടിലുമാണിവർ കഴിയുന്നത്. കുപ്പക്കല്ല് സ്വദേശി മാമ്മൂട്ടിൽ ഏലിയാമ്മ ജോസഫിനാണ് ഈ ദുർഗ്ഗതി.

മൂന്ന് വർഷമായി ഏലിയാമ്മ സ്വന്തം വീട്ടിലൊന്നു കയറിയിട്ട്. തോട്ടു പുറമ്പോക്കിലെ നടപ്പു വഴിയിലൂടെയാണ് 65 വർഷമായി ഏലിയാമ്മയും കുടുംബവും വീട്ടിലെത്തിയിരുന്നത്. 2022 ൽ പിഎംജിഎസ് വൈ പദ്ധതിയിലുൾപ്പെടുത്തി ആനക്കണ്ടത്തു നിന്നും കുപ്പക്കല്ലിലേക്കുള്ള റോഡ് പുതുക്കി പണിതോടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി ഇല്ലാതായത്.

കയറ്റം കുറക്കാൻ റോഡ് 20 അടിയോളം ഉയർത്തി. ഇതോടെ റോഡിൽ നിന്നും മുൻപ് വീട്ടിലേക്ക് പോയിരുന്ന പാതയിലേക്ക് ഇങ്ങനെ നിസ്സഹായയായി നോക്കി നിൽക്കാനേ ഇവർക്കിപ്പോൾ കഴിയുന്നുള്ളൂ. റോഡ് ഉയർത്തിയാലും  വീട്ടിലെത്താനുള്ളള്ള നടപ്പു വഴി ഉണ്ടാകുമെന്ന് കരാറുകാരും ജനപ്രതിനിധികളും ഉറപ്പു നൽകിയിരുന്നു. പണി തുടങ്ങിയപ്പോൾ വഴി അടഞ്ഞതോടെ താമസം ബന്ധുവീട്ടിലേക്ക് മാറ്റി. അവിടെ നിന്നും വാടക വീട്ടിലേക്കും.

റോഡ് പണി കഴിഞ്ഞിട്ടും ഇവരുടെ വീട്ടിലേക്കുള്ള വഴി പുനസ്ഥാപിച്ച് നൽകിയില്ല. അന്നു മുതൽ നടപ്പു  വഴിക്കായി 40 ലധികം ഓഫീസുകൾ കയറിയിറങ്ങി. കന്യാസ്ത്രീയായ മകൾ മാത്രമാണ് ഏക ആശ്രയം. ഫലമില്ലാതായപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതനുസരിച്ച് റീബിൽഡ് കേരള അധികൃതരെത്തി പരിശോധന നടത്തി. വഴി നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല. അയൽപക്കത്തുകാരുടെ കരുണ്യത്താൽ വയൽ വരമ്പിലൂടെ നടന്ന് വീടിനു മറുകരെ വരെയെത്താം. പക്ഷേ തോടിന് കുറുകെയുള്ള തടിപ്പാലം കടക്കാനുള്ള മനോധൈര്യമില്ല. റീബിൽഡ് കേരള അധികൃതർ ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് വണ്ടൻമേട് പഞ്ചായത്തിൻറെയും മറുപടി.

Related Articles

Back to top button