ശൈത്യകാലത്ത് സന്ധിവാതം തീവ്രമാകാം.. കാരണം എന്തെന്നോ?.. മറികടക്കാൻ ചെയ്യേണ്ടത്…
തണുപ്പ് കാലം എത്തുന്നതോടെ സന്ധിവാതമുള്ളവർക്ക് ദുരിതകാലം കൂടിയാണ്.സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഉള്ളവരിൽ തണുപ്പ് സമയത്ത് വേദനയും വിഷമവും കൂടുതലാണ്. സന്ധികളുടെ ചലനം സുഗമമാക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവർത്തിക്കുന്ന സിനോവിയൽ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയിൽ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാതം തീവ്രമാകാനുള്ള പ്രധാനകാരണം.സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും വേദനയുണ്ടാക്കുകയും ചലനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തണുത്ത കാലാവസ്ഥയിൽ വ്യായാമം മുടങ്ങുന്നതും സന്ധിവാതത്തെ തീവ്രമാക്കാം. ഇത് പേശികൾ ദുർബലമാകാനും സന്ധികളുടെ കാഠിന്യത്തിനും ഇത് കാരണമാകും. സന്ധിവാതം തീവ്രമാകാനുള്ള മറ്റൊരു കാരണം വിറ്റാമിൻ ഡിയുടെ അഭാവമാണ്.
ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഉൽപാദനം കുറയ്ക്കാം. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് ശരീരവേദന, ക്ഷീണം, അലസത എന്നിവയിലേക്ക് നയിക്കാം.തണുപ്പ് സമയം വേദനയെ മറികടക്കാൻ ചെയ്യണ്ടത് എങ്ങനെയെന്ന് നോക്കാം.
ജലാംശം നിലനിർത്തുക
തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കുന്ന ശീലം കുറയാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയാനും സിനോവിയൽ ദ്രാവകത്തിന്റെ കട്ടി കൂടാനും കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വേദനയും കാഠിന്യവും കുറയ്ക്കും.
വ്യായാമം
തണുത്ത കാലാവസ്ഥയിൽ യോഗ, സ്ട്രെച്ചിങ് തുടങ്ങിയ ഇൻഡോർ വ്യായാമങ്ങൾ പരിശീലിക്കുന്നത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.
സമ്മർദം
വിട്ടുമാറാത്ത സമ്മർദം സന്ധിവാതം ലക്ഷണങ്ങളെ വഷളാക്കാം. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ സമ്മർദം കുറയ്ക്കാൻ സഹായിക്കും.
ഉറക്കം
ദിവസവും എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് സന്ധിവാത ലക്ഷണങ്ങളും വേദനയും കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ ഡി
ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു ഉറപ്പാക്കാൻ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ശൈത്യകാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് സന്ധിവാത രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.