വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും; രാഹുലിന് സീറ്റ് കൊടുക്കുമോ? ഏതു രാഹുലെന്ന് സണ്ണി ജോസഫിന്‍റെ മറുചോദ്യം

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഏതു രാഹുല്‍ മാങ്കൂട്ടത്തിലെന്ന് തിരിച്ചു ചോദിച്ചുകൊണ്ടായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാര്‍ട്ടിയിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനോടും സണ്ണി ജോസഫ് പ്രതികരിച്ചു. വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുമെന്നും താൻ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരാൻ ആഗ്രഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ദ്വിദിന ക്യാമ്പ് നാളെ കൽപ്പറ്റയിൽ ആരംഭിക്കും. വടക്കാഞ്ചേരി സിപിഎം കോഴ വിവാദത്തിൽ സിപിഎമ്മിനെതിരെ സണ്ണി ജോസഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സിപിഎം കുതിര കച്ചവടത്തിലൂടെ പരാജയം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും , മറ്റത്തൂരിലും സിപിഎമ്മിന്‍റെ ചാക്കിട്ട് പിടിക്കൽ നടന്നുവെന്നും വടക്കാഞ്ചേരിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സണ്ണി ജോസഫ് പറഞ്ഞു. വടക്കാഞ്ചേരി സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. കുതിരക്കച്ചവടത്തിന് മുൻകൈ എടുത്തവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ശബരിമല സ്വര്‍ണക്കൊള്ളയിലും സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിലെ പ്രതിയെ കണ്ടതിന്‍റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിയുകയാണ് സിപിഎം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് ആരെന്ന് അന്വേഷിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു




