വഖഫ് വാദത്തിനിടെ നിർണായക ചോദ്യവുമായി സുപ്രീം കോടതി…
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേ, കേന്ദ്ര സർക്കാറിനോട് നിർണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ മുസ്ലീങ്ങളെ അനുവദിക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്. വലിയൊരു വിഭാഗം മുസ്ലീങ്ങൾ വഖഫ് നിയമത്തിന്റെ പരിധിയിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
ഇനി മുതൽ മുസ്ലീങ്ങളെ, ഹിന്ദു എൻഡോവ്‌മെന്റ് ബോർഡുകളുടെ ഭാഗമാകാൻ അനുവദിക്കുമെന്നാണോ നിങ്ങൾ പറയുന്നതോയെന്നും അക്കാര്യം തുറന്നു പറയൂവെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഏകപക്ഷീയമായി തരംമാറ്റാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇസ്ലാം ആചരിക്കുന്നവർക്ക് മാത്രമേ വഖ്ഫ് സൃഷ്ടിക്കാൻ കഴിയൂ എന്ന് സർക്കാരിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു