മാവേലിക്കരക്ക് ഇത്തവണ ഒരു മന്ത്രി ഉണ്ടാകുമോ ????

മാവേലിക്കര- ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഴത്തിലുള്ള ബന്ധമുള്ള മണ്ഡലമാണ് മാവേലിക്കരയെങ്കിലും കാലാകാലങ്ങളിൽ ഇടത് വലത് എം.എൽ.എമാരെ മാവേലിക്കരക്കാർ വിജയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു മന്ത്രി ഇതുവരെ മാവേലിക്കരയിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന പോരായ്മ നിലനിൽക്കുന്നു. ഈ പേര് ദോഷം ഈ മന്ത്രിസഭയിൽ തിരുത്തിക്കുറിക്കുമെന്നാണ് നിലവിൽ ഉയരുന്ന ജനസംസാരം.

മാവേലിക്കരയിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇടത് സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുന്നുണ്ട്. ഇത്തവണയും ഇടത് സ്ഥാനാർത്ഥിയുടെ വിജയം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടാനാകുമെന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. കേരളത്തിലെ വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നാവും ഇത്തവണ മാവേലിക്കരയിൽ നിന്ന് ലഭിക്കുക എന്ന കണക്കുകൂട്ടലും ഉണ്ട്. ഇത് തന്നെയാണ് മന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടുമെന്ന വിലയിരുത്തലിനും കാരണം.

ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതിയും വികസനം ഉയർത്തിക്കാട്ടിയുള്ള പ്രചരണവുമാണ് മാവേലിക്കരയിൽ എൽ.ഡി.എഫിനെ മുന്നിൽ എത്തിക്കുന്നത്. ക്ഷേമപദ്ധതികളുടെ വിതരണവും മറ്റ് അടിസ്ഥാന സൗകര്യവികസനവും ശക്തമായ സംഘടനാ പ്രവർത്തനവും ഇടതുപക്ഷത്തിന്റെ അടിത്തറ ഇവിടെ കൂടുതൽ ശക്തമായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഈ അടിത്തറ തകർക്കാൻ പ്രതിപക്ഷത്തിന് കഴിയാത്തതും അതുകൊണ്ടാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ എംഎൽഎയുടെ ഇടപെടൽ, വികസന പദ്ധതികൾ നടപ്പിലാക്കാനുള്ള ആർജ്ജവം എന്നിവയാണ് വോട്ടർമാർ നോക്കുന്നത്. സ്ഥാനാർത്ഥി എത്രത്തോളം ജനങ്ങൾക്ക് പ്രാപ്യനാണ് എന്നതും മാവേലിക്കരയിലെ വിജയത്തിന്റെ പ്രധാന ഘടകമാണ്.

2011 മുതൽ ഇടതുപക്ഷത്തിൻറെ കൈവശമാണ് മാവേലിക്കര നിയമസഭ മണ്ഡലം. എം എസ് അരുൺ കുമാറിന് മുമ്പ് 2011-ലും 2016-ലും ആർ രാജേഷ് വിജയിച്ചു. എം. എസ് അരുൺ കുമാർ എന്ന ജനകീയനായ യുവ എംഎൽഎയിലൂടെ മണ്ഡലം വീണ്ടും നിലനിർത്താനാകുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. 2021-ൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ വജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം എസ് അരുൺകുമാർ മാവേലിക്കരയിൽ നിന്ന് നിയമസഭയിലെത്തിയത്. അരുൺ കുമാർ 71,743 വോട്ടുകൾ നേടിയപ്പോൾ കെ കെ ഷാജു 47,026 വോട്ടുകളിലും ബിജെപി സ്ഥാനാർഥി അഡ്വ. കെ സഞ്ജു 30,955 വോട്ടുകളിലും ഒതുങ്ങി. ഇത്തവണ ഭൂരിപക്ഷം 40,000 കടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ അത് കേരളത്തിലെ വലിയ ഭൂരിപക്ഷങ്ങളുടെ പട്ടികയിൽ ഇടം നേടും. ഇടത് സർക്കാർ അധികാരത്തിൽ വന്നാൽ മണ്ഡലത്തിലെ ഈ തുടർ വിജയവും വമ്പൻ ഭൂരിപക്ഷവും, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കാരണമായി മാറുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button