അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ….

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം.അമ്പലപ്പുഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളോട് കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകി. അതിനിടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐഎം അവസാനിപ്പിച്ചു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ തുടർന്നാണ് നേത്യത്വത്തിന്റെ തീരുമാനം. അദ്ദേഹം സ്വന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയെ സാരമായി ബന്ധിക്കുമെന്നാണ് നിരീക്ഷണം.
എന്നാൽ ജി സുധാകരന്റെ അന്തിമ വാക്കിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. അമ്പലപ്പുഴ സീറ്റ് കണ്ണുവെച്ച എ ഐ ഷുക്കൂറിനോടും മറ്റ് നേതാക്കളോടും തത്കാലം മറ്റ് സീറ്റുകൾ നൽകാമെന്നാണ് നേത്യത്വം നൽകുന്ന നിർദേശം. എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ അടക്കം സുധാകരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജി സുധാകരൻ – കോൺഗ്രസ് ചർച്ച നിരീക്ഷിക്കുകയാണ് സിപിഐഎം.



