‘പാര്‍ട്ടിയില്‍ തുടരും…ഹൈക്കമാന്‍ഡിന് വഴങ്ങി കെ സുധാകരന്‍…

ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി കെ സുധാകരന്‍. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടി എത്രയോ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു സുധാകരന്റെ പ്രതികരണം.

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമായി മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിട്ടും സീറ്റ് തര്‍ക്കം തുടര്‍ന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം.

കെ സുധാകരന് സീറ്റ് നല്‍കുന്ന കാര്യത്തിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നനിലപാടില്‍ വി ഡി സതീശന്‍ ഉറച്ചുനിന്നു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം ഖര്‍ഗെയുടെ വസതിയിലും യോഗം ചേര്‍ന്നു. സുധാകരന് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു ഖര്‍ഗെയും സ്വീകരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ യോഗം തുടര്‍ന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല.

Related Articles

Back to top button