സി കെ ജാനു യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ?

ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടിൽ സി കെ ജാനുവിൻറെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുകയാണ്. മാനന്തവാടി മണ്ഡ‍ലത്തിൽ മത്സരിക്കാൻ ആണ് ജെആർപിയ്ക്ക് താത്പ്പര്യമെന്നും യുഡിഎഫ് അക്കാര്യം പരിഗണിക്കണമെന്നും സി കെ ജാനു പറഞ്ഞു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ പതിനൊന്നായിരം വോട്ടിൻറെ മേൽക്കൈ നേടാൻ യുഡിഎഫിന് ആയിട്ടുണ്ട്.

ഭൂമിക്കായുള്ള അവകാശത്തിന് വേണ്ടി നടന്ന കേരളം കണ്ട ഏറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നാണ് മുത്തങ്ങയിലേത്. എ കെ ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പൊലീസ് അതിക്രമത്തിന് അടുത്ത മാസം 23 വയസ്സാകും. മുത്തങ്ങ സമരത്തിലൂടെ ഉയർന്നുവന്ന സി കെ ജാനു ജെആർപി രൂപീകരിച്ച് എൻഡിഎയിൽ ഭാഗമായി.രണ്ട് നിയമസഭ തിരഞ്ഞെടുപ്പിൽ ജാനു ബത്തേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാൽ എൻഡിഎ വിട്ട് യുഡിഎഫിൻറെ ഭാഗമായ സി കെ ജാനു ഇത്തവണ മാനന്തവാടിയിൽ നിന്ന് സ്ഥാനാർ‍ത്ഥിയാകുമോ എന്നാണ് ആകാംക്ഷ. മന്ത്രി ഒ ആർ കേളുവിൻറെ മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താല്പ്പര്യവും സി കെ ജാനു പ്രകടിപ്പിക്കുന്നു

മാനന്തവാടിയിൽ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പല വഴികളും മുന്നണി തേടുന്നുണ്ട്. മുൻ മന്ത്രി ജയലക്ഷ്മിയെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതും ഐ സി ബാലകൃഷ്ണനെ ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് കൊണ്ടുവരുന്നതും ഉൾപ്പെടെ ചർച്ചയിലുണ്ടെന്നാണ് വിവരം. ഉഷാ വിജയൻ, മീനാക്ഷി രാമൻ, മഞ്ജുക്കുട്ട‌ൻ എന്നിവരും പരിഗണനയിലുണ്ട്. സി കെ ജാനുവിനെ മത്സരിപ്പിച്ചാൽ എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന ചിന്തയും പാർട്ടി നേതൃത്വത്തിനുണ്ട്.

Related Articles

Back to top button