അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുത്; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും തുറന്ന കത്തുമായി ആശാ പ്രവർത്തകർ

കേരളത്തെ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനിരിക്കെ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ പ്രവർത്തകർ. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ഇവർ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ആശമാർ നടൻമാർക്ക് കത്തെഴുതിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നും മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
അതിദാരിദ്ര്യ വിമുക്ത കേരളത്തിൻറെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനിൽക്കണമെന്നും ആശാ പ്രവർത്തകർ ആവശ്യപ്പെട്ടു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി കെ സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
കത്തിൻറെ പൂർണ രൂപം വായിക്കാം
കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിൻ്റെ അനുഭാവപൂർണ്ണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപ്രവർത്ത കരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. തീർത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണി ക്കാതെ കഴിഞ്ഞ 18 വർഷമായി സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശമാർ. പകർച്ചവ്യാധികളുടെ നാളുകളിൽ കണ്ണിമയ്ക്കാതെ ഞങ്ങൾ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർത്ഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോ ഗ്യരംഗത്തെ കാലാൾപ്പട എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടു ത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.
ഞങ്ങളുടെ ദിവസ വേതനം 233 രൂപയെന്ന തുഛമായ തുക മാത്രമാണ്. ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കി ലും ദിനേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങിനെയാണ് കുടുംബം പുലർ ത്തുക? നിത്യച്ചെലവുകൾക്കായിപോലും കടം വാങ്ങേണ്ടി വരുന്നു. കടഭാരമേറി ജീവിതംതന്നെ അവസാനിപ്പിക്കേണ്ട സ്ഥിതി യിലാണ് ഞങ്ങളിൽ ഏറെപ്പേരും. പലർക്കും കിടപ്പാടമില്ല. ഭർത്താക്കന്മാരും മാതാപിതാക്കളും മാറാരോഗികളായവരുമുണ്ട്.
ജീവിതദുരിതങ്ങൾ ശ്വാസംമുട്ടിക്കുന്ന വേളയിലാണ് ഞങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരവുമായി എത്തിയത്. ദുഃഖവും നിരാശയും നിറയുന്ന ഞങ്ങളുടെ ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് ഞങ്ങൾ സർക്കാരിനുമുമ്പിൽ ഉണർത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലാണ് രാപകൽ കഴിയുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകർക്കുന്ന മലിനീകരണവും നേരിട്ട് ഞങ്ങൾ തെരുവിൽ അന്തിയുറങ്ങുകയാണ്. പ്രാഥമിക ആവ ശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകൾ തെരുവിൽ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി ഞങ്ങൾ വിഷമിക്കുകയാണ്. കോരിച്ചൊഴിയുന്ന മഴയിൽ ഒരു ടാർപാളിൻ ഷീറ്റ് പോലും തലയ്ക്കുമുക ളിൽ പിടിക്കുന്നത് സർക്കാർ വിലക്കി. ഏറ്റവുമൊടുവിൽ ഞങ്ങളുടെ തുഛവരുമാനത്തിൽ നിന്നും ചില്ലിത്തുട്ടുകൾ ശേഖരിച്ച് വാ ങ്ങിച്ച ഉച്ചഭാഷിണിയും പോലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ഞങ്ങളുടെ പ്രവർത്തകയുടെ നേർക്ക് പോലീസ് ജീപ്പ് ഇരച്ചെ ത്തുന്നതുകണ്ട് കേരളം ഞെട്ടി. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ ശൈലിയിൽ, സഹനസമരത്തിൻ്റെ പാത സ്വീ കരിച്ചിട്ടുള്ള, തീർത്തും പാവപ്പെട്ടവരായ സ്ത്രീകളോടാണ് ഈ അതിക്രമങ്ങളെന്ന് നിങ്ങൾ കാണണം. ഇതിന്റെയെല്ലാം മുമ്പിൽ പരാജയപ്പെട്ടു മടങ്ങിപ്പോകാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ദയവായി അറിയുക. അതുകൊണ്ട്തന്നെ തന്നെ വിജയം വരെ ഈ തെരുവിൽ കഴിയാൻ ഞങ്ങൾ നിർബ്ബന്ധിതരാണ്.
ഇന്ന് ഞങ്ങൾ അറിയുന്നു, അതിദാരിദ്ര്യ നിമുക്ത സംസ്ഥാനമായി കേരളം മാറുകയാണത്രേ! അതിദരിദ്രരില്ലാത്ത കേരള ത്തിന്റെ പ്രഖ്യാപനത്തിനായി നവംബർ 1 ന് സംഘടിപ്പിക്കുന്ന സർക്കാർ ചടങ്ങിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനമനസ്സുകളെയും കീഴടക്കിയ മഹാ കലാകാരന്മാരായ നിങ്ങൾ പങ്കെടുക്കുന്നതായി ഞങ്ങൾ മനസിലാക്കുന്നു. പ്രിയ കലാകാരമാരേ, നിങ്ങൾ സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ അറിയുന്നവരാണ്. അവർക്കായി നന്മയുടെ ചുമതലകൾ പലതും നിറവേറ്റുന്നവരുമാണ്. ദയവായി നിങ്ങളറിയണം, 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ, 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്.
പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനി ല്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ ആശമാർ. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സർക്കാരിൻ്റെ കാപട്യവും.
അതിദാരിദ്ര്യ വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിൻ്റെ അതി ദാരിദ്ര്യ നിർമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സ്നേഹാദരങ്ങളോടെ ഞങ്ങൾ, അതിദരിദ്രരായ ആശമാർ അഭ്യർത്ഥിക്കുന്നു.



