ഗ്രീന്‍ഫീല്‍ഡ് ഹൈവേ: സൈലന്റ് വാലി വനത്തിന്റെ 9.526 ഹെക്ടര്‍ ഭൂമി ഉപയോഗിക്കാന്‍ അനുമതി
പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് (എന്‍ബി ഡബ്ല്യു എല്‍)സ്ന്റാന്‍ഡിംഗ് കമ്മിറ്റിയുടെതാണ് നടപടി. ഇതോടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട 9.526 ഹെക്ടര്‍ വനം ഉള്‍പ്പെടെ 134.1 ഹെക്ടര്‍ ഭൂമി ഹൈവേ നിര്‍മാണത്തിന് ഉപയോഗിക്കാനാകും.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് നിര്‍ദ്ധിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്. 121.006 കിലോമീറ്റര്‍ വരുന്ന പദ്ധതിക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് ജനുവരിയില്‍ കേരള നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ബിഡബ്ല്യുഎല്‍ അംഗീകാരം കൂടി സ്വന്തമാകുന്നത്.