കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത് 30 ഓളം ചക്കകൾ..വീടിന്റെ മതിൽ തകർത്തു, പുരയിടത്തിൽ കയറിയും അക്രമം…
കോതമംഗലത്തിനടുത്ത് വാവേലിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടുമതിൽ തകർന്നു. ചിറപ്പുറം ജോസ് എന്നയാളുടെ വീടിന്റെ മതിലാണ് ആന തകർത്തത്. ജോസിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന പ്ലാവിലെ 30 ഓളം ചക്കകൾ ആന തിന്നും ചവിട്ടിയും നശിപ്പിക്കുകയും ചെയ്തു. ജോസിന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബേബി എന്നയാളുടെ പുരയിടത്തിലും കാട്ടാന നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയായിരുന്നു ആക്രമണം.
കഴിഞ്ഞാഴ്ചയാണ് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്.