ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം;  രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 8  മണിയോടെ പെരിങ്ങമ്മല ഭാഗത്ത് നിന്നും വന്നുകൊണ്ടിരുന്ന ഓട്ടോറിക്ഷയെ റോഡിന് വശത്ത് നിന്നും പാഞ്ഞടുത്ത കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇടവം ഇടിഞ്ഞാർ പ്രദേശത്ത് വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവനും,  സ്വത്തിനും ഇവ ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.

Related Articles

Back to top button