ബൈക്കിൽ മുൻപിൽ കുഞ്ഞിനെയിരുത്തി, പിന്നിൽ മൃതദേഹവുമായി യുവതി
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 25 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ചു. അപകട മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി നാഗേശ്വർ റൗനിയാണ് കൊല്ലപ്പെട്ടത്. ഭാര്യ നേഹയും കാമുകൻ ജിതേന്ദ്രയും കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
നാഗേശ്വറിനെ വിളിച്ചുവരുത്തി അമിതമായി മദ്യം നൽകി നേഹ അബോധാവസ്ഥയിൽ ആക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ബൈക്കിലാണ് 25 കിലോമീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിച്ചത്. ഈ യാത്രയിൽ നേഹയുടെ കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. നേഹയുടെ കുട്ടിയെ ജിതേന്ദ്ര മുന്നിൽ ഇരുത്തി. നേഹ ഭർത്താവിന്റെ മൃതദേഹവും പിടിച്ചിരുന്നു. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നാഗേശ്വറിന്റെ കാൽപ്പാദങ്ങളിൽ പരിക്കേറ്റിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച ശേഷം അപകട മരണമെന്ന് വരുത്തി മുംബൈയിലേക്ക് രക്ഷപ്പെടാനാണ് നേഹയും ജിതേന്ദ്രയും പദ്ധതിയിട്ടത്. ഇരുവരെയും മൊബൈൽ ടവർ ലൊക്കേഷനും നാഗേശ്വറിന്റെ പിതാവ് നൽകിയ വിവരങ്ങളും വെച്ച് പാർതാവലിനടുത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.