യാത്രയ്ക്കിടെ ബൈക്കിൽ ട്രക്കിടിച്ച് ഭാര്യ മരിച്ചു. മൃതദേഹം കൊണ്ടുപോകാൻ ആരും സഹായിക്കാതെ വന്നതോടെ ബൈക്കിൽ കെട്ടിവച്ച് യാത്ര..
വാഹനമിടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയ ഭർത്താവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വഴിയാത്രക്കാർ ആരും സഹായത്തിന് തയ്യാറാകാതെ വന്നതോടെയാണ് ഈ ദുരവസ്ഥയെന്ന് പൊലീസ് പറഞ്ഞു.
നാഗ്പൂരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അമിത് യാദവും ഭാര്യ ഗ്യാർസിയും മോർഫാറ്റക്ക് സമീപം വെച്ച് ഒരു ട്രക്ക് ഇടിച്ചിട്ടു. അപകടത്തിൽ ഗ്യാർസി റോഡിലേക്ക് തെറിച്ചുവീഴുകയും ട്രക്ക് നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു.
അപകടം നടന്നയുടൻ ഭാര്യക്ക് വേണ്ട സഹായം തേടി അമിത് യാദവ് പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല. തുടർന്ന് നിസ്സഹായനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.



