ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്….കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഭര്‍ത്താവ്…

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി വിളിച്ചെന്ന് പറയുന്ന ശ്രീലക്ഷ്മിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഭര്‍ത്താവ്. ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നു. ശ്രീലക്ഷമിയുടെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയതാണ്. തങ്ങളെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് അഭ്യർത്ഥിച്ചു.
എന്തിനാണ് ശ്രീലക്ഷ്മിയുടെ പേര് വീണ്ടും പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. തങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയാണ്. ഇനിയെങ്കിലും തങ്ങളെ ഒഴിവാക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. പള്‍സര്‍ സുനി ഡ്രൈവര്‍ ആയിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയുമായി പരിചയം. കേസുമായി തങ്ങള്‍ക്ക് പങ്കില്ലെന്ന് മനസ്സിലാക്കിയ ശേഷമാണ് പൊലീസ് ഒഴിവാക്കിയത്. എന്തിനാണ് വീണ്ടും പേര് വലിച്ചിഴയ്ക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



