തന്ത്രി ഇത്രയും കാലം ശബരിമല അശുദ്ധമാക്കിയതിന് ആരാണ് ശുദ്ധികലശം നടത്തുക; അറസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിന്ദു അമ്മിണി

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി. അയ്യപ്പന്റെ സ്വർണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. അപ്പോൾ സ്വർണക്കൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ അശുദ്ധമാക്കിയതിന് ആരാണ് ശുദ്ധികലശം നടത്തുകയെന്നും അവർ ചോദിച്ചു.
1900ത്തിന് മുമ്പ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും, മോഷണവുമെന്നും ബിന്ദു അമ്മിണി ആരോപിച്ചു. തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനമാണ് ആദ്യം തിരിച്ചു കൊടുക്കേണ്ടത്. എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശങ്ങളും, അധികാരവും ഉള്ളവരാണ്. സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവൃത്തി ചെയ്ത തന്ത്രിയും, തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവരാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.




