കോട്ടയത്തെ ജോയിന്റ് ആർടിഒ എന്ന് സ്വയം പരിചയപ്പെടുത്തി, ചങ്ങനാശ്ശേരിയിലെ ചൈത്രം ബസിൽ കയറി, ‘ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ’? ഒറ്റ ചോദ്യത്തോടെ..

ജോയിന്റ് ആർടിഒ ചമഞ്ഞ് സ്വകാര്യ ബസിൽ നിന്നും പണം തട്ടാനായുള്ള യുവാവിന്റെ ശ്രമം കയ്യോടെ പൊളിച്ച് ബസ് ഉടമ. ചങ്ങനാശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ചങ്ങനാശേരി ഒന്നാം നമ്പർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ചൈത്രം ബസിൽ ഒരു യുവാവ് കയറി. പാന്റ്സും ടി–ഷർട്ടുമായിരുന്നു വേഷം. ഒരു കയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു. താൻ കോട്ടയം ജോയിന്റ് ആർടിഒ സുനിൽ കുമാറാണെന്ന് ഇയാൾ കണ്ടക്ടർ സുനിൽ കുമാറിനോട് പറഞ്ഞു. ബസ് ഉടമയെ ഫോൺ വിളിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. കണ്ടക്ടർ കൃഷ്ണകുമാർ യുവാവിന് ബസ് ഉടമ രാഹുൽ ഇരുമ്പുകുഴിയെ കണക്ട് ചെയ്ത് കൊടുത്തു.
രാഹുലിനോടും ജോയിന്റ് ആർടിഒ എന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ബസ് ഉടമയെ മുൻപരിചയമുള്ളതുപോലെ യുവാവ് സംസാരിക്കാൻ തുടങ്ങി. അപകടം സംഭവിച്ചെന്നും കയ്യിൽ പൈസ ഇല്ലാത്തതിനാൽ ബസിൽ നിന്ന് 2000 രൂപ വാങ്ങുകയാണെന്നും ഉടമയോടു പറഞ്ഞു. സുനിൽ എന്ന ജോയിന്റ് ആർടിഒയെ തനിക്ക് അറിയാത്തതുകൊണ്ടുതന്നെ രാഹുൽ ചെറുതായി ഒന്ന് സംശയിച്ചു. ഇതോടെ സംശയം മാറ്റാനായി ഇതേ ബസ് റീടെസ്റ്റ് ചെയ്തതു താനാണെന്നായി യുവാവിന്റെ അവകാശവാദം. എന്നാൽ ബസുടമയായ രാഹുലിന് എംവിഐ ആണ് ബസ് ടെസ്റ്റ് ചെയ്യുന്നത് എന്നറിയാമായിരുന്നു. ഇതോടെ സംശയവും ഇരട്ടിച്ചു. കലക്ടറേറ്റിനു സമീപത്തെ ഓഫിസിലാണ് താനെന്ന് യുവാവ് പറഞ്ഞതോടെ സംശയം ബലപ്പെട്ടു. കാരണം കോട്ടയം ആർടി ഓഫിസ് കലക്ടറേറ്റിൽത്തന്നെയാണ്.
അവസാനമായി രാഹുൽ ഒരൊറ്റ ചോദ്യം മാത്രമേ യുവാവിനോട് ചോദിച്ചുള്ളു ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ? എന്നായിരുന്നു ആ ചോദ്യം. ഉടൻ തന്നെ യുവാവിന്റെ മറുപടിയും വന്നു ‘നമ്മടെ പള്ളിക്കത്തോട്ടിലെ സെബാസ്റ്റ്യൻ സാറ്…!’ ഉത്തരം കേട്ടതോടെ ബസ് ഉടമയ്ക്കു മനസ്സിലായി, ഇയാൾ ഫ്രോഡ് തന്നെ. കോട്ടയത്തു മാസങ്ങളായി ആർടിഒ ഇല്ലെന്നും പകരം ചുമതല പത്തനംതിട്ട ആർടിഒയ്ക്കാണെന്നും രാഹുൽ മറുപടി പറഞ്ഞതോടെ ഫോൺ കണ്ടക്ടർക്കു കൊടുത്ത് വ്യാജ ജോയിന്റ് ആർടിഒയെ സ്ഥലംവിട്ടു. കണ്ടക്ടർ പിന്നാലെ ഓടി യുവാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. പണം ഒന്നും നഷ്ടമാകാത്തതുകൊണ്ട് തന്നെ ബസ് ഉടമ രാഹുൽ പോലീസിൽ പരാതി നൽകിയിട്ടില്ല.



