വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് ആർക്ക്? .. ഫ്ളക്സ് പോര്.. വഴി നീളെ പോസ്റ്ററുകൾ….
വിഴിഞ്ഞം തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലി പൊരിഞ്ഞ പോസ്റ്റർ യുദ്ധം. ഇന്നത്തെ പത്രങ്ങളിൽ രണ്ട് വിഴിഞ്ഞം പരസ്യങ്ങൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യം ആണ് ഒന്ന്. നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളിൽ ഉണ്ട്. പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള വഴിയിൽ ഉമ്മൻചാണ്ടിക്ക് നന്ദി അറിയിച്ച് പോസ്റ്ററുകൾ കാണാം. ‘കേരളം മറക്കില്ല ഒരിക്കലും’ എന്നാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെയും ഫ്ലക്സുകൾ വഴിനീളെയുണ്ട്.



