വയനാട് പുനരധിവാസ ഫണ്ട് എവിടെ?…. സതീശന്റെയും സുധാകരന്റെയും അക്കൗണ്ടിലെ പണം കാണാനില്ലെന്ന് എം.വി. ഗോവിന്ദൻ

തൃശൂർ: കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്‍റേത്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രത്യേകം ആപ്പ് വഴി സമാഹരിച്ച പണം എവിടെപ്പോയെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞ പണം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കണ്ടില്ല. മൂന്ന് ഏക്കറിൽ പണി നടക്കുന്നുണ്ടെന്ന വി.ഡി. സതീശന്റെ വാദം പച്ചക്കള്ളമാണെന്നും അവിടെ ഇതുവരെ ഒരപേക്ഷ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിച്ചത് കോൺഗ്രസ് വോട്ട് മറിച്ചത് കൊണ്ടാണ്. കോൺഗ്രസിന് 84,000 വോട്ട് കുറഞ്ഞപ്പോൾ ബിജെപി ജയിച്ചത് 73,000 വോട്ടിനാണ്. ബിജെപി ജയിക്കുന്നിടത്തെല്ലാം കോൺഗ്രസ് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ ഗോവിന്ദൻ തള്ളി. സ്വർണ്ണ വ്യാപാരിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിക്കുന്നതിൽ കെ.സി. വേണുഗോപാലിനും ആന്റോ ആന്റണിക്കും അടൂർ പ്രകാശിനുമുള്ള പങ്കിനെക്കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന് എസ്ഡിപിഐയുമായി യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, വർഗ്ഗീയതയെ എതിർക്കുന്നു എന്ന് പറയുന്ന വി.ഡി. സതീശൻ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെക്കുറിച്ച് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്. കുഞ്ഞികൃഷ്ണനും സുധാകരനും ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികളെപ്പോലെയാണ് പെരുമാറുന്നത്. സുധാകരൻ പകുതി ബിജെപി സ്ഥാനാർത്ഥി കൂടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Back to top button