ഇന്ത്യയുടെ ശബ്ദം എവിടെ? ഇന്ത്യ അപമാനിതരാകുന്നു; വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ രാജ്യത്ത് കടന്നുകയറി അമേരിക്കൻ കമാൻഡോകൾ പിടികൂടിയതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അമേരിക്കൻ അധിനിവേശത്തെ കടന്നാക്രമിക്കുകയും ചെയ്തു. വെനസ്വേലയുടെ പ്രസിഡന്‍റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്‍റെ അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും, ഭാര്യയെയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തരം ആണ് ഇത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു. ഇന്ത്യയുടെ ശബ്‍ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇന്ത്യയുടെ ശബ്ദം എവിടെ എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും കണ്ണൂരിലെ പരിപാടിയിൽ അഭിപ്രായപ്പെട്ടു. വേദിയിൽ വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യ പോസ്റ്ററും പതിപ്പിച്ചിരുന്നു.



