കാറ്റത്ത് മുണ്ട് പൊങ്ങിപ്പോകുമ്പോൾ നിങ്ങളുടെ കാവി കളസം ഒരുപാട് കണ്ടതാണ് ; എ കെ ബാലനെതിരെ കെ എം ഷാജി

സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോൾ അടിയിലെ കാവി കളസം ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നും ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ ആ മുണ്ട് തലയിൽ ചുറ്റിയെന്നും കെ എം ഷാജി വിമർശിച്ചു. ബാലൻ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ആഭാസ നൃത്തം ചവിട്ടുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. എ കെ ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിനെതിരെയായിരുന്നു ഷാജിയുടെ വിമർശനം.
ബാലൻ വിധേയൻ സിനിമയിലെ ‘തൊമ്മി’യാണെന്നും ഷാജി പറഞ്ഞു. പിണറായി എന്ന ഭാസ്കര പട്ടേലരുടെ കീഴിൽ നിൽക്കുന്ന തൊമ്മിയാണ് ബാലൻ. പിണറായി കൊടുക്കുന്ന ഏത് വൃത്തികെട്ട ദൗത്യവും ബാലൻ ഏറ്റെടുക്കും എന്നും അത് ഇപ്പോൾ മാറാടാണെന്നും ഷാജി വിമർശിച്ചു. ബാലൻ മാറാട് ഓർമിപ്പിക്കുന്നതിന് കാരണം മുഹമ്മദ് റിയാസിന്റെ നില മെച്ചപ്പെടുത്താനാണെന്നും ഷാജി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റിയാസിന്റെ നില പരുങ്ങലിലാണ്. റിയാസിനെ രക്ഷിച്ചെടുക്കാനാണ് മാറാട് എന്ന പഴയ വേദനിക്കുന്ന ഓർമയെ ബാലൻ വീണ്ടും പൊക്കിക്കൊണ്ടുവന്നത് എന്നും ഷാജി വിമർശിച്ചു.
എ കെ ബാലൻ പറഞ്ഞത് പച്ച ഇസ്ലാമോഫോബിയയാണെന്നും ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് ഇതുവരെ ഒരു പഞ്ചായത്ത് പോലും കിട്ടിയിട്ടില്ല. ജമാഅത്ത് എന്ന് പറയുന്നതിലൂടെ ബാലൻ പറയാൻ ഉദ്ദേശിക്കുന്നത് ഒരു മുസ്‌ലിം ആഭ്യന്തര മന്ത്രി ആകും എന്നതാണ്. ബാലന് അങ്ങനെ ആയിക്കൂടാ. കേരളത്തിലെ എല്ലാവരും ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് ബാലൻ പറയുന്നത് എന്നും ഷാജി വിമർശിച്ചു. കഴിഞ്ഞ ദിവസം ബാലൻ നടത്തിയ പത്രസമ്മേളനത്തിനെതിരെയും ഷാജി രംഗത്തെത്തി. ജീവിതത്തിൽ ഒരിക്കലും ലീഗുകാരായ തങ്ങൾ മതം നോക്കി കൂട്ടുകൂടിയിട്ടില്ലെന്നും ബാലന് അങ്ങനെ പറയേണ്ടിവരുന്ന ഗതികേട് ഒരു കമ്മ്യൂണിസ്റ്റിന് ഒരിക്കലും ചേരാത്തതാണ് എന്നും ഷാജി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. ‘യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്’ എന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്.
ബാലന്റെ ഈ പരാമർശത്തിൽ സിപിഐഎം രണ്ടുതട്ടിലാണ് ഉള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ബാലന്റെ പരാമർശത്തെ തള്ളി രംഗത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ചില നേതാക്കൾ ബാലൻ പറഞ്ഞതിൽ പ്രശ്നമില്ല എന്ന നിലപാടാണ് എടുത്തത്. പാലക്കാട് ജില്ലാ കമ്മിറ്റിയും ബാലനെതിരെയാണ് നിലപാടെടുത്തത്. ഇതിനിടയിൽ പരാമർശം പിൻവലിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ബാലന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.


