ഇ ഡി എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; നീണ്ട കാത്തിരിപ്പിനൊടുവിൽ പോറ്റിയുടെ അമ്മ വന്ന് വീട് തുറന്നു, പരിശോധന  ആരംഭിച്ചു 

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന തുടങ്ങി. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇ ഡി സംഘത്തിന് വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞത്. സംഘം എത്തുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോറ്റിയുടെ അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു. ഏറെ ശ്രമിച്ച ശേഷമായിരുന്നു പോറ്റിയുടെ അമ്മയെ ഇ ഡി സംഘത്തിന് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഒടുവിൽ എട്ടരയോടെ പോറ്റിയുടെ അമ്മ എത്തുകയും,  വീട് തുറന്നുകൊടുക്കുകയുമായിരുന്നു.

മറ്റ് പ്രതികളുടെ വീട്ടിലെത്തിയതിന് സമാനമായി ഏഴ് മണി കഴിഞ്ഞാണ് ഇ ഡി സംഘം പോറ്റിയുടെ വീട്ടിലെത്തിയത്. വീട് പൂട്ടിക്കിടക്കുന്ന നിലയിലായതിനാൽ ഇ ഡി സംഘം സമീപവാസികളോട് കാര്യം അന്വേഷിച്ചു. സമീപവാസികളാണ് പോറ്റിയുടെ അമ്മ ബന്ധുവീട്ടിലാണെന്ന് അറിയിച്ചത്. തുടർന്ന് ഇ ഡി സംഘം പോറ്റിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമം നടത്തി. പല നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചിട്ടും പോറ്റിയുടെ അമ്മ ആദ്യം ഫോണ്‍ എടുത്തിരുന്നില്ല. ഒടുവിൽ ഫോൺ എടുക്കുകയും വീട് തുറന്നുകൊടുക്കുകയുമായിരുന്നു.

 അതേസമയം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിട്ടുണ്ട്. ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രേഖകള്‍ പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടില്‍ നടന്ന മുഴുവന്‍ വിവരങ്ങളും ഇ ഡി പരിശോധിക്കുന്നുണ്ട്. ഇ ഡി റെയ്ഡിനോട് ദേവസ്വം ബോർഡ് സഹകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി.

പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാരും ആസ്ഥാനത്ത് ഇല്ല. ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാവരും ആലുവയിലാണെന്നും നിലവിലുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button