ജി സുധാകരൻ കോൺഗ്രസ് വേദിയിൽ വന്നാൽ എന്താണ് പ്രശ്നം?, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടച്ച് നടക്കണോ?…
കോൺഗ്രസുകാരെ കാണുമ്പോൾ കമ്മ്യൂണിസ്റ്റുകാർ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. കോൺഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാൻ വരുന്നവരെയൊക്കെ പാർട്ടിയിൽ ചേർക്കാൻ ആരെങ്കിലും നോക്കുമോ എന്നും ജി സുധാകരൻ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം, വഴിയിൽ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയിൽ പ്രവർത്തിച്ചാൽ വ്യത്യസ്ത ആശയങ്ങൾ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്ന് ജി സുധാകരൻ ചോദിച്ചു. ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാർ കാണുമെന്നും അവർ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സാംസ്കാരിക വേദിയിൽ ‘സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മാധ്യമം നൽകിയ വാർത്തയാണ്, ജി സുധാകരൻ കോൺഗ്രസ് വേദിയിൽ എന്ന്. 65 വർഷമായി ഞാൻ വായിക്കുന്നൊരു പത്രത്തിൽ വന്ന വാർത്ത. ഇനി കോൺഗ്രസ് വേദിയായാലും എനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ല. പ്രസംഗിക്കാൻ വരുന്നവരെയൊക്കെ ആ പാർട്ടിക്കാരാക്കാൻ ആരെങ്കിലും നോക്കുമോ? കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം. കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം. കണ്ണടച്ച് നടന്ന് വഴിയിൽ വീണാലും കുഴപ്പമൊന്നുമില്ല. കണ്ണടച്ചോളണം. കോൺഗ്രസുകാരുടെ ചർച്ചാ വേദിയിലൊന്നും പോകാൻ പാടില്ല. കമ്മ്യൂണിസ്റ്റുകാരുടെ പരിപാടികളിലൊന്നും പോകാൻ പാടില്ല. വാട്ടർ ടൈറ്റ് കംപാർട്ടുമെന്റുകളിലായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. അങ്ങനെ പ്രവർത്തിച്ചാൽ എവിടെയാണ് സമവായം? എവിടെയാണ് അനുരഞ്ജനം? വ്യത്യസ്ത ആശയങ്ങൾ തമ്മിലുളള അനുരഞ്ജനം എവിടെയാണ്? ഭരണകൂടവും സമൂഹവും എങ്ങനെ മുന്നോട്ടുപോകും? ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാർ കാണും. അവർ പരസ്പരം മിണ്ടാതിരുന്നാൽ എങ്ങനെയാണ്? ഇതൊന്നും നടക്കുന്ന കാര്യമല്ല, നടക്കാൻ പാടുളള കാര്യവുമല്ല’: ജി സുധാകരൻ പറഞ്ഞു.