ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? നിര്‍ദേശങ്ങളുമായി പൊലീസിന്റെ കുറിപ്പ്

ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ കുറിപ്പുമായി കേരള പൊലീസ്. ഫോൺ നഷ്ടപ്പെട്ടാൽ സർക്കാർ സംവിധാനത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല. ഫോൺ നഷ്ടപ്പെട്ടാൽ അക്കാര്യം അറിയിച്ച് പൊലീസിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടിയെന്നും കുറിപ്പിൽ പറയുന്നു.

പൊലീസിന്റെ കുറിപ്പ്

ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.

ഫോൺ നഷ്ടപ്പെട്ടാൽ അക്കാര്യം അറിയിച്ച് പൊലീസിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പർ എടുക്കുക. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകുന്നതാണ്.

https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തെരഞ്ഞെടുത്താൽ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെപകർപ്പ് എന്നിവ നൽകണം. തുടർന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും നല്കി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയിൽ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.

24 മണിക്കൂറിൽ തന്നെ നിങ്ങൾ നൽകിയ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ആ ഫോണിൽ പ്രവർത്തിക്കുകയില്ല.

ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാം. വെബ് സൈറ്റിൽ അതിനായുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം.

Related Articles

Back to top button