‘ഷാഫിയുടെ ഷോ ആണ് നടന്നത്, ഷോ കാണിച്ചാൽ പ്രതികരിക്കും’..
പേരാമ്പ്രയിൽ പൊലീസ്-കോൺഗ്രസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം ഷോ ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷാഫിയും സംഘവും ഷോ കാണിച്ചെന്നും അവരുടെ കാഞ്ഞ ബുദ്ധി നടന്നില്ലെന്നും വികെ സനോജ് പറഞ്ഞു. സംഘർഷമുണ്ടാക്കി ഡിവൈഎഫ്‌ഐയെ പേടിപ്പിക്കാമെന്ന് ഷാഫി കരുതേണ്ടെന്നും ഷോ കാണിച്ചാൽ ഡിവൈഎഫ്‌ഐ പ്രതികരിക്കും, അങ്ങനെ സംഘർഷമുണ്ടായാൽ അതിന് ഉത്തരവാദി ഷാഫി മാത്രമായിരിക്കുമെന്നും വികെ സനോജ് പറഞ്ഞു.
‘ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയിൽ കണ്ടത്. സികെജി കോളേജിൽ കുറേ വർഷത്തിനിടയിൽ കെഎസ്‌യു ജയിച്ചെന്നാണ് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്. എന്നാൽ അവിടെ ഇത്തവണയും ജയിച്ചത് എസ്എഫ്‌ഐ ആണ്. അവിടെ അവർ ഹർത്താലിന്റെ മറവിൽ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ പഞ്ചായത്ത് ഓഫീസിൽ കയറി കയ്യേറ്റം ചെയ്തു. അതിനെതിരെ സ്ത്രീകളുൾപ്പെടെ ഇറങ്ങി പ്രതിഷേധിച്ചു. ആ പ്രതിഷേധ പ്രകടനത്തിനെതിരെ യുഡിഎഫിന്റെ സംഘം പ്രകടനമായി വരികയായിരുന്നു. രണ്ട് പ്രകടനവും കൂട്ടിമുട്ടാതിരിക്കാനായി പൊലീസ് ബാരിക്കേഡുകൾ തീർത്തു. ഇടതുപക്ഷത്തിന്റെ ആളുകൾ പിരിഞ്ഞുപോയി.
ഒന്നര മണിക്കൂർ ഷാഫിയെ കാത്തിരുന്ന് പേരാമ്പ്ര ഉപരോധിക്കുകയായിരുന്നു അവർ. ഷാഫിക്ക് വഴിയിൽ കൂടി പോകുമ്പോഴാണോ മർദനമേറ്റത്? നൂറുകണക്കിന് ക്രിമിനൽ സംഘത്തെ ഇറക്കിയിട്ട് പൊലീസിന് നേരെ കയ്യേറ്റം നടത്തുകയായിരുന്നു. പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കണോ? ഷാഫി ഉദ്ദേശിച്ചത് എൽഡിഎഫ് പ്രകടനത്തിൽ ഇടിച്ചുകയറുക എന്നതായിരുന്നു. ആ കാഞ്ഞ ബുദ്ധി നടന്നില്ല’: വികെ സനോജ് പറഞ്ഞു. വയനാട് ഫണ്ട് എവിടെ എന്ന ചോദ്യത്തിന് ഷാഫിക്കും സംഘത്തിനും ഉത്തരമില്ലെന്നും പിരിച്ച കോടികൾ രാഹുൽ ഗർഭഛിദ്രം നടത്താനും ബെംഗളൂരുവിലേക്ക് പോകാനും ഉപയോഗിച്ചെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.