കാറിൽ നിന്ന് ചാടി ഇറങ്ങി വെടിയുതിർത്തു… ഹോട്ടലിൽ ഉണ്ടായിരുന്ന വരെ ബന്ദികൾ ആക്കി… കൊച്ചിയിൽ നടന്നത്…

കൊച്ചിയിലെ ആഡംബര സ്വകാര്യ ഹോട്ടലിൽ മോക്ക് ഡ്രിൽ. നാലംഗ സംഘം ഒരു കാറിൽ ഹോട്ടലിലേക്ക് കുതിച്ചെത്തുന്നു. കാറിൽ നിന്ന് ചാടി ഇറങ്ങി വെടിയുതിർത്ത് ഭീതി പടർത്തി ഹോട്ടൽ അങ്കണത്തിൽ ഉണ്ടായിരുന്ന വരെ ബലമായി ബന്ദികൾ ആക്കുന്നു. ബന്ദികളായ സാധാരണക്കാരുമായി ഹോട്ടലിനകത്തേക്ക്. തീവ്രവാദികൾ ഹോട്ടലിൽ എത്തി എന്നറിഞ്ഞ് പാഞ്ഞെത്തുന്ന കേരള പോലീസിന്റെ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.

തീവ്രവാദി ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുനടത്തിയ മോക്ക് ഡ്രിൽ ആയിരുന്നു ഇത്. കേരള പോലീസിന്റെ എലൈറ്റ് ഫോഴ്സ് ആയ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് ഇത് സംഘടിപ്പിച്ചത്. കോസ്റ്റ് ഗാർഡും ഫയർഫോഴ്സും ഉൾപ്പെടെ മോക്ക് ഡ്രില്ലിൻറെ ഭാഗമായി.

ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് തീവ്രവാദികളുടെ കണ്ണിൽപ്പെടാതെയുള്ള നീക്കങ്ങൾ. ഒരു സംഘം കരയിലൂടെ രഹസ്യമായി ഹോട്ടലിനെ ലക്ഷ്യം വച്ച് പോയപ്പോൾ മറ്റൊരു സംഘം വെള്ളത്തിലൂടെ ദാ വരുന്നു. തോക്കേന്തി അവർ ഹോട്ടലിനകത്തേക്ക് രഹസ്യമായി കയറി. ബന്ദികളെ രക്ഷിച്ചു പുറത്തെത്തിച്ചു. മൂന്ന് തീവ്രവാദികളെ വെടിവെച്ച് വീഴ്ത്തി. ഒരാളെ ജീവനോടെ പിടികൂടി. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ ആയിരുന്നു ഈ കണ്ടതെല്ലാം. നേതൃത്വം നൽകിയത് പൊലീസിന്റെ അഭിമാനമായ അവഞ്ചേഴ്സ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.

ഹോട്ടലിന് പുറത്ത് എന്തിനും സർവ്വ സജ്ജരായി പൊലീസേനയും ഫയർഫോഴ്സും. ഇവർക്ക് പുറമേ ദ്രുത കർമ്മ സേനയും‌ ബോംബ് സ്ക്വാഡും ഡോഗ് സ്കോഡും എല്ലാം മോക്ഡ്രില്ലിന്റെ ഭാഗമായി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് തന്ത്രപ്രധാന മേഖലകളിൽ പൊലീസിനെ കൂടി ഉൾപ്പെടുത്തിയുള്ള തയ്യാറെടുപ്പ്.

Related Articles

Back to top button