മതം വേർതിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ വേറെന്താണ് വിളിക്കുക?..

മുസ്‌ലിം ഇതര വോട്ടുകളെ ഐക്യപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയ. മതം വേര്‍തിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടതെന്ന് ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം പറഞ്ഞിരുന്നു. 2000ലധികം വോട്ടുകള്‍ പോലും ജമാഅത്തെ ഇസ്‌ലാമിക്ക് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലില്ല. എന്നിട്ടും ഇത്തരത്തിലുള്ള പ്രസ്താവന ഇടതുപക്ഷം നടത്തുന്നത് മുസ്‌ലിം ഇതര വോട്ടുകളെ ഐക്യപ്പെടുത്താനാണ്. ഒരുപാട് നാളുകളായി സിപിഎം തെരഞ്ഞെടുപ്പുകളെ നേരിടുന്നത് വര്‍ഗീയപരമായി തന്നെയാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തലേ ദിവസം മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പത്രത്തില്‍ എന്‍ആര്‍സിയെക്കുറിച്ചും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പത്രത്തില്‍ മണിപ്പൂരിനെക്കുറിച്ചുമുള്ള വാര്‍ത്ത നല്‍കിയത് ഇടതുപക്ഷമാണ്. ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ട് എന്ന് നിര്‍ണായകപരമായ ഒരു തെരഞ്ഞെടുപ്പിന്റെ തലേ ദിവസം അഭിമാനപൂര്‍വം പറയുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

‘കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചപ്പോള്‍ നിങ്ങള്‍ ഇറക്കിയ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യം ഞങ്ങളാരും മറന്നിട്ടില്ല. അന്ന് അത്തരത്തിലുള്ള ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയത് ഡിവൈഎഫ്‌ഐ നേതാവാണ് എന്ന് കണ്ടെത്തിയത് കേരള പൊലീസാണ്. ഇതിന് നേതൃത്വം നല്‍കിയത് മുന്‍ സിപിഎം എംഎല്‍എയും നേതാവുമായിട്ടുള്ള കെ.കെ ലതികയാണ് എന്നും ഞങ്ങളാരും മറന്നിട്ടില്ല. രാജ്യത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഏറെ പ്രതീക്ഷയോടെ നോക്കികണ്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്ര എന്ന് ആക്ഷേപിച്ചവരെ സംഘാവ് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്’-ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

Related Articles

Back to top button