സഭയിൽ മിണ്ടാത്തവർക്ക് എന്ത് സംവാദം?… സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി…

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ വികസന സംവാദ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ഇപ്പോൾ സംവാദത്തിന് മുറവിളി കൂട്ടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഏറ്റവും വലിയ സംവാദ വേദിയായ നിയമസഭയിൽ സർക്കാരിനെതിരെ ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചാൽ സർക്കാർ നൽകുന്ന കൃത്യമായ മറുപടി താങ്ങാൻ പ്രതിപക്ഷത്തിന് ശേഷിയില്ലാത്തതുകൊണ്ടാണ് അവർ ഒളിച്ചോടിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016 മുതലുള്ള എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയായ പ്രവർത്തനം കേരളത്തെ വലിയ മുന്നേറ്റത്തിലേക്ക് നയിച്ചു. യുഡിഎഫ് കാലത്ത് ശരാശരി 68,000 കോടി രൂപയായിരുന്ന മൂലധനം ഇപ്പോൾ 1.29 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. മൂലധന ചെലവിലുണ്ടായ ഈ വർദ്ധനവ് നാടിന്റെ വികസനത്തിന് അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളം കടക്കെണിയിലാണെന്ന പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. ഇത് വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. നിയന്ത്രിതമായ കടം മാത്രമേ കേരളത്തിനുള്ളൂ എന്നും സംസ്ഥാനത്തിന്റേത് ഉറച്ച സാമ്പത്തിക അടിത്തറയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഏത് പ്രതിസന്ധി വന്നാലും തളരാതെ മുന്നോട്ട് പോകാൻ കേരളത്തിന് ഇന്ന് സാധിക്കും. ജനക്ഷേമവും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന എൽഡിഎഫിന്റെ ദിശാബോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



