യുഎസിന്റെ ബ്രഹ്‌മാസ്ത്രം.. എന്താണ് ഇറാനില്‍ പതിച്ച ടോമഹോക്ക് മിസൈലുകള്‍?..
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളില്‍ ഇസ്രയേല്‍ പക്ഷം ചേര്‍ന്ന് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് പുറമെ ടോമഹോക്ക് മിസൈലുകളും ഉപയോഗിച്ചു. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ നിലയത്തില്‍ യുഎസ് ഇട്ടതെങ്കില്‍ മറ്റ് ഇറാനിയന്‍ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് മുങ്ങിക്കപ്പലുകളില്‍ നിന്നായിരുന്നു അമേരിക്കയുടെ ടോമഹോക്ക് മിസൈല്‍ വര്‍ഷം. 30 ടോമഹോക്ക് മിസൈലുകളാണ് അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളിലേക്ക് തൊടുത്തത്. യുദ്ധരംഗത്ത് അമേരിക്കയുടെ പ്രധാന മിസൈല്‍ ശേഖരങ്ങളിലൊന്നാണ് ടോമഹോക്ക്.
അമേരിക്കയിലെ ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശയിലെ അപ്ലൈഡ് ഫിസിക്സ് ലബോററ്ററിയാണ് ടോമഹോക്ക് മിസൈലുകള്‍ വികസിപ്പിച്ചത്. ശീതയുദ്ധകാലത്ത് രൂപകല്‍പന ചെയ്ത ടോമഹോക്ക് മിസൈലുകള്‍ 1983ല്‍ യുഎസ് നേവിയുടെ ഭാഗമായി. 5.6 മീറ്റര്‍ നീളമുള്ള ടോമഹോക്കിന് ബൂസ്റ്റര്‍ സഹിതം 1,600 കിലോമീറ്ററില്‍ അധികം ഭാരമുണ്ട്.റഡാറുകളില്‍ നിന്ന് അകലാന്‍ ഭൂനിരപ്പിനോട് വളരെ ചേര്‍ന്ന് കുതിക്കുന്ന ഇത്തരം മിസൈലുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 880 കിലോമീറ്ററാണ്. ഏകദേശം 1250 കിലോമീറ്റര്‍ മുതല്‍ 2,500 കിലോമീറ്റര്‍ വരെയാണ് ടോമഹോക്ക് മിസൈലുകളുടെ ദൂരപരിധി. സബ്‌സോണിക് ക്രൂയിസ് മിസൈലുകള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ടോമഹോക്ക് അമേരിക്കന്‍ നേവി യുദ്ധക്കപ്പലുകളില്‍ നിന്നോ മുങ്ങിക്കപ്പലുകളില്‍ നിന്നോ തൊടുക്കാറാണ് പതിവ്. ജിപിഎസ്, ഐഎന്‍എസ്, ടെര്‍കോം പോലുള്ള വ്യത്യസ്ത നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ മിസൈലുകളെ ലക്ഷ്യത്തിലേക്ക് നിയന്ത്രിക്കാം. അതീവ സ്ഫോടന ശേഷിയുള്ള വാര്‍ഹെഡുകള്‍ വഹിക്കാനാവുന്ന തരത്തിലുള്ള മിസൈലുകള്‍ കൂടിയാണ് ടോമഹോക്ക്. 450-1000 കിലോഗ്രാം വാര്‍ഹെഡ് വഹിക്കാന്‍ ടോമഹോക്കിനാവും
1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ഓപ്പറേഷന്‍ ഡസ്റ്റ് സ്റ്റോമിന്‍റെ ഭാഗമായാണ് അമേരിക്കന്‍ സൈന്യം ആദ്യമായി ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ചത്. ഗള്‍ഫ് യുദ്ധത്തില്‍ 280+ ടോമഹോക്ക് മിസൈലുകള്‍ അമേരിക്ക തൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ ഇറാഖ് യുദ്ധകാലത്തും ഈ മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിന് ശേഷം ലിബിയയിലും സിറിയയിലും സമാന മിസൈലുകള്‍ പ്രയോഗിച്ചു. യുഎസിന്‍റെ ദീര്‍ഘ-ദൂര മിസൈലുകളുടെ ഗണത്തിലാണ് ടോമഹോക്കിന്‍റെ സ്ഥാനം. യുഎസ് നേവിക്ക് പുറമെ യുകെ റോയല്‍ നേവിയും ഈ മിസൈലുകള്‍ ഉപയോഗിച്ചുവരുന്നു