‘വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്’..
ഈ സർക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാർഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ കയ്യടി. ലോകം കണ്ട ഇതിഹാസ നായകൻ മോഹൻലാലിനെ സർക്കാർ സ്വീകരിച്ചു. മോഹൻലാലിന്റെ പരിപാടിയായിരുന്നു ലാൽസലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങൾ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി സജി ചെറിയാൻ ബാലതാരങ്ങൾക്ക് അവാർഡ് നൽകാത്തതിൽ വിശദീകരണം നൽകി. പുരസ്‌കാരം നൽകാൻ നിലവാരമുള്ള ചിത്രം ഇല്ല എന്നു ജൂറി വിലയിരുത്തിയതിനെത്തുടർന്നാണ് ഇത്തവണ അവാർഡ് ഇല്ലാതെ പോയതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ വളരെ ഗൗരവത്തോടെയാണ് കുട്ടികളുടെ വിഷയം കാണുന്നത്. കുട്ടികൾക്ക് അവാർഡ് ഇല്ലാത്തത് എന്താണെന്ന് താൻ ജൂറി ചെയർമാൻ പ്രകാശ് രാജിനോട് ചോദിച്ചിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
