‘ഞാനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാ, അതിനു കാരണം അങ്ങാണ്….എങ്കിലും ഒരു സങ്കടം ബാക്കി…’

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കണ്ണൂരിലെ ആറാം ക്ലാസ്സുകാരി ഫാത്തിമ. താനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാണെന്നും ഈ സന്തോഷത്തിന് കാരണം വിദ്യാഭ്യാസ മന്ത്രിയാണെന്നും ഫാത്തിമ കുറിച്ചു. കണ്ണൂരിലെ തലശ്ശേരി നോർത്ത് സബ് ജില്ലയിലെ കതിരൂർ ഗവണ്‍മെന്‍റ് യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാത്തിമ.

മൈസൂരിൽ പഠന യാത്രയ്ക്ക് പോകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഫാത്തിമ കത്തിൽ പറയുന്നു. എല്ലാ കുട്ടികൾക്കും ആ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നും അതിന് കാരണം പണമില്ലാത്തതിന്‍റെ പേരിൽ യാത്രയിൽ നിന്ന് ആരെയും ഒഴിവാക്കരുതെന്ന മന്ത്രിയുടെ വാക്കുകളാണെന്നും ഫാത്തിമ വിശദീകരിച്ചു. കുട്ടികളുടെ കയ്യിൽ നിന്ന് പണം വാങ്ങാതെ യാത്ര സ്പോണ്‍സർ ചെയ്തത് സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണെന്നും ഫാത്തിമ പറയുന്നു. 

പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെയും പഠനയാത്രയിൽ നിന്ന് മാറ്റിനിർത്തരുത് എന്ന ഉത്തരവ് പാലിച്ച കേരളത്തിലെ ആദ്യത്തെ സ്കൂൾ തന്‍റേതാണെന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാർത്ഥി കുറിച്ചു. ഒപ്പം ഒരു സങ്കടം കൂടി പങ്കുവെച്ചാണ് ഫാത്തിമ കത്ത് അവസാനിപ്പിച്ചത്. ഇപ്പോഴും വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ പ്രയാസം നേരിടേണ്ടി വരുന്നു എന്നുമാണ് ഫാത്തിമയുടെ സങ്കടം. സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചു സഹായിക്കണമെന്ന് അപേക്ഷിച്ചാണ് ഫാത്തിമ കത്ത് അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് മറുപടി അറിയിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ഉറപ്പ് നൽകി.

Related Articles

Back to top button