വയനാട് ദുരന്ത൦..700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണം കെ രാജൻ…

വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈ ദുരന്തത്തിൽ പ്രത്യേക പാക്കേജ് തന്നെ വേണം. പണം കൊടുത്ത് തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുക. നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. വയനാടിനായി കേന്ദ്ര സഹായം ഇതുവരെ ലഭിച്ചില്ലെന്നും അടിയന്തര സഹായം പ്രതീക്ഷിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..

700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണമാണ്. നേരത്തെ അനുവദിച്ച 291 കോടി രൂപ എസ്ഡിആർഎഫ് വിഹിതത്തിലേക്ക് ഉള്ളതാണ്. ഇത് പ്ലാനിംഗ് കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ളതാണ്. അത് പ്രകാരമുള്ള ആദ്യ ഗഡുവാണ് കേന്ദ്രം നൽകിയത്. മുണ്ടക്കൈയ്ക്ക് വേണ്ടി സ്പെഷ്യൽ പാക്കേജ് തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് സ്പെഷ്യൽ പാക്കേജാണ്.
കേരളത്തിന് പ്രത്യേക പാക്കേജ് വേണ്ട എന്ന ബിജെപി നേതാക്കളുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായിട്ട് 97 ദിവസം കഴിഞ്ഞു. ഏത് വിഭാഗത്തിൽപ്പെട്ട ദുരന്തമെന്നെങ്കിലും കേന്ദ്രം പറയണമെന്നും കെ രാജന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുനരധിവാസത്തിന്റെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും. അർഹതപെട്ട നഷ്ടപരിഹാരം നൽകി മാത്രമേ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button