കടുവ കിടന്നത് കുട്ടികൾ ഓടി നടക്കുന്ന സ്ഥലത്ത്…ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ…

വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട്
2.30 ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിപ്പോയെന്നും സിസിഎഫ് ഉദ്യോഗസ്ഥ കെ എസ് ദീപ പ്രതികരിച്ചു.

പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പിൽ റിജോയുടെ വീടിനോട്‌ ചേർന്നാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് 3 മീറ്റർ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. ഫോറസ്റ്റുകാർ രാവിലെ വന്നപ്പോഴാണ് വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു. രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവയുടെ വിവരം തൽക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു. അവരോട് സഹകരിച്ചു. നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയ സ്ഥലമാണ്. പക്ഷേ കടുവയെത്തുന്നത് ആദ്യമായാണ്. കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു. കുട്ടികളെ പുറത്ത് വിട്ടിരുന്നില്ലെന്നും റിജോയും കുടുംബവും പറയുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് കൂടുതൽ ഞെട്ടൽ. റിജോയുടെ വീട് കാടിന്റെ അതിർത്തിയിലാണ്. വീട്ടിൽ നിന്നും രണ്ടടി വെച്ചാൽ കാട്ടിലേക്ക് എത്തും.

ഇന്നലെ രാത്രി 12.30 തോടെയാണ് കടുവയെ വനപാലകർ കണ്ടത്. കാൽപ്പാദം പിന്തുടർന്നു. 2 മണിക്കൂറിന് ശേഷമാണ്. 2.30 തോടെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുളളു.

Related Articles

Back to top button