വയനാട് ഫണ്ട് തട്ടിപ്പ് ആരോപണം… എൻ.എസ്. നുസൂറിന്റെ പരാതിയിൽ ഡിജിപിയുടെ നടപടി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് ശേഖരിച്ച ദുരിതാശ്വാസ ഫണ്ടിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി റവാഡ ചന്ദ്രശേഖർ വയനാട് എസ്പിക്ക് നിർദ്ദേശം നൽകി. ദുരന്തബാധിതരും കോൺഗ്രസിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയത് സംഘടിത കൊള്ളയാണെന്ന് നുസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെപിസിസി പുറത്തുവിട്ട കണക്കുകൾ വിശ്വസനീയമല്ല. ഫണ്ട് ശേഖരണത്തിനായി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴി കൃത്രിമം നടന്നിട്ടുണ്ട്. പ്രധാന അക്കൗണ്ടുകൾക്ക് പുറമെ മറ്റ് അക്കൗണ്ടുകളിലേക്കും പണം പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി.എസ്. ജോയ് മൂന്ന് പേരിൽ നിന്ന് മാത്രം 55 ലക്ഷം രൂപ ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ദേശീയതലത്തിൽ പോലും ഫണ്ട് ലഭിച്ചിട്ടും ആകെ 5.38 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.
പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണം ദുരന്തബാധിതർക്ക് നൽകാതെ അപഹരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നുസൂർ പരാതിയിൽ ചൂണ്ടിക്കാട്ടി. വയനാട് എസ്പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരാതിയിലെ വസ്തുതകൾ പരിശോധിക്കുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിനിധീകരിച്ച മണ്ഡലത്തിലെ ഫണ്ട് വിവാദം കോൺഗ്രസിനെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



