ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്.. ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ടനിര.. എല്ലാം കാമറ കണ്ണുകളിൽ…
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് ആരംഭിച്ചു.ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുകയാണ്.
ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കി. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.