മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ട് ഇന്ത്യ.. പാക് അധീന കാശ്മീരിൽ പ്രളയ മുന്നറിയിപ്പ്…പല പ്രദേശവും മുങ്ങി…
പാക് അധീന കശ്മീരിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തു നിന്ന് ജലം പതിവിലും കൂടുതൽ ഒഴുക്കി വിടുന്നതായി പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെ ജില്ലാ ഭരണകൂട വക്താവ് പറഞ്ഞു. പാക് അധിനിവേശ കശ്മീരിൽ പ്രളയസമാനമായ സാഹചര്യം ആണ് നിലവിലുള്ളത്. മുസാഫറാബാദ് മേഖലയിലെ ഝലം നദിയിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി ഉയർന്നതാണ് ഗുരുതരമായ ആശങ്കയ്ക്ക് കാരണമായത്.
നിലവിൽ പ്രദേശത്ത് ചെറിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ താമസക്കാർക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാർത്ത വരുന്നത്. ജമ്മു കശ്മീരിൽ ഇന്ത്യൻ അധീന മേഖലയിൽ നിന്നാണ് ഝലം നദി ഉറവ കൊള്ളുന്നത്. കനത്ത വെള്ളമൊഴുക്ക് കാണാൻ ശനിയാഴ്ച പകൽനേരത്ത് പാലങ്ങളിലും മറ്റുമായി ജനങ്ങൾ കൂടിയിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. അതെസമയം നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.
മുൻകൂർ അറിയിപ്പ് നൽകാതെ ഇന്ത്യ വെള്ളം തുറന്നു വിട്ടതാണ് ഝലം നദിയിലെ ജലനിരപ്പ് ഉയരാനും പ്രളയ സാഹചര്യത്തിലേക്ക് നീങ്ങാനും കാരണമെന്നാണ് പാകിസ്താൻ കുറ്റപ്പെടുത്തുന്നത്. ചകോത്തി അതിർത്തി മുതൽ മുസാഫറാബാദ് വരെയുള്ള ഝലം നദിക്കരയിലെ നിവാസികൾ മേഖലയിൽ നിന്നും മാറി താമസിക്കാൻ ആരംഭിച്ചു കഴിഞ്ഞു. പാക് അധീന കശ്മീരിലെ ഹട്ടിയൻ ബാല മേഖലയിൽ, ഉദ്യോഗസ്ഥർ “ജല അടിയന്തരാവസ്ഥ” പ്രഖ്യാപിച്ചിട്ടുണ്ട്. ഹട്ടിയൻ ബാല, ഘരി ദുപ്പട്ട, മജോയ്, മുസാഫറാബാദ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതായി പ്രാദേശിക ഭരണകൂടം വെളിപ്പെടുത്തുന്നത്.



