കനത്ത മഴ.. അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു.. 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു..
പത്തനംതിട്ട ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതിയിലെ 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴ ശക്തിപ്രാപിച്ചതിനാൽ ആവണിപ്പാറ ഉന്നതി നിവാസികൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആറ്റിലൂടെ മാത്രമാണ് പ്രദേശവാസികൾ പുറം ലോകത്തേക്ക് എത്തുന്നത്. തോണിയിൽ മണിക്കൂറുകളോളം യാത്ര ചെയ്താണ് ഇവിടത്തുകാർ മറുകരയിലെത്തുന്നത്. എല്ലാ മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാസർകോട്, കണ്ണൂർ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ നിന്ന് 27 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.