അസമയങ്ങളിൽ നിത്യ സന്ദർശകൻ…കുടക്കമ്പി കൊണ്ട് ജനലിൽ ദ്വാരമുണ്ടാക്കി ഒളിഞ്ഞുനോക്കുന്നത് യുവദമ്പതികളുടെ മുറിയിലേക്ക്…

സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം, പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ. മണത്തല പുത്തന്‍കടപ്പുറം ആലുങ്ങല്‍ വീട്ടില്‍ അനിലനെയാണ് കോടതി ശിക്ഷിച്ചത്. രാത്രി സമയങ്ങളില്‍ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിലാണ് ശിക്ഷ. തൃശൂര്‍ എസ് സി – എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്.

പലപ്രാവശ്യം വീടിന്റെ പരിസരത്ത് അസമയങ്ങളില്‍ പ്രതിയെ കണ്ടപ്പോള്‍ പരാതിക്കാരന്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയില്‍ പതിയുകയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതും കാല്‍പാടുകള്‍ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും ഒരു തൊണ്ടിമുതലും തെളിവിലേക്കായി ഹാജരാക്കുകയും ചെയ്തു. പിഴ തുക അടയ്ക്കുന്നപക്ഷം 10000 രൂപ കേസിലെ പരാതിക്കാരിക്ക് നല്‍കാനും പിഴയടക്കാത്ത പക്ഷം രണ്ടുമാസവും 14 ദിവസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടതാണെന്നും വിധിന്യായത്തില്‍ പറയുന്നു.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന്‍ രജിസ്റ്റര്‍ ചെയ്ത കേസ് കുന്നംകുളം ഡി വൈ എസ് പി ആയിരുന്ന ടി എസ് സിനോജ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം വി രാംകിഷോര്‍ പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചു.

Related Articles

Back to top button