അങ്കണവാടിയിൽ വൻ കടന്നൽ ആക്രമണം, കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടം…

തൃശൂരിൽ അങ്കണവാടിയിൽ കടന്നൽ ആക്രമണം. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അങ്കണവാടിയിൽ ആണ് കടന്നലാക്രമണമുണ്ടായത്. കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കുമടക്കം 8 പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. അഞ്ച് കുട്ടികൾക്കാണ് കടന്നലിന്റെ കുത്തേറ്റത് കൂടാതെ അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ ശോഭന (56)യ്ക്കും, ഇവരെ കടന്നൽ ആക്രമണത്തിൽ നിന്നും രക്ഷിക്കാനെത്തിയ പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവർക്കും കടന്നലിന്റെ കുത്തേറ്റു. എട്ട് പേരെയും നാട്ടുകാർ ചേർന്ന് നേതൃത്വത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കണവാടിക്ക് സമീപത്തെ പറമ്പിലെ പ്ലാവിൻ കൊമ്പിലെ കടന്നൽ കൂടിളകി ഭക്ഷണം കഴിച്ച് പുറത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് വിവരം. കടന്നൽ ആക്രമണമുണ്ടായ സമയത്ത് ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. കടന്നൽകൂട്ടം പാഞ്ഞടുക്കുന്നത് കണ്ട് അങ്കണവാടിക്കകത്തേക്ക് ഓടിക്കയറിയ കുട്ടികളെ കുത്തേൽക്കാതെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാൻ ശ്രമിച്ച ഹെൽപ്പർ ശോഭനയെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിറയ ഇവർ റോഡരികിലെ കാനയിൽ വീണു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചില നാട്ടുകാർക്കും കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്
