എൻഎസ്എസിന്റെ ഇടതു ചായ്‌വിൽ ആശങ്കയോടെ കോൺഗ്രസ്.. സുകുമാരൻ നായരെ കാണാൻ കോൺഗ്രസ് നേതാക്കൾ…
ശബരിമലയിലെ സർക്കാർ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് യുഡിഎഫ്. എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളിൽ വിശദീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും.
അതേസമയം, ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ യുഡിഎഫിന് ആശങ്കയുണ്ട്. എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. ശബരിമലയിലെ യുഡിഎഫ് നിലപാട് എൻഎസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാനാണ് കോൺഗ്രസ് നേതാക്കളുടെ നീക്കം.ഒരു ദേശീയ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ NSS പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.NSS സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വിശ്വാസപരമായ കാര്യങ്ങളിൽ Nss ന് അവരുടെതായ നിലപാടുണ്ട്,അതങ്ങനെ മാത്രമാണ് കോൺഗ്രസ് കാണുന്നത്. കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പം ആണ്. സംഗമങ്ങൾ നടത്തി അതു തെളിയിക്കേണ്ടതില്ല എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺഗ്രസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാം എന്നും അദ്ദേഹം പറഞ്ഞു.



