വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി  വാഗ്ദാനം ചെയ്തുവെന്ന് മേയർ ; പിണറായി വിജയനെ സന്ദർശിച്ച്  വി വി രാജേഷ്, 

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും ഒന്നിച്ച് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചുവെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോർപറേഷന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും വി വി രാജേഷ് പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.

നേരത്തെ, മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്ന വാർത്തകൾ ഏറെ ചര്‍ച്ചയായിരുന്നു. പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തി. വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്‍റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.

താൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ- അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു. താനാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് വിളിച്ചതെന്ന് വി വി രാജേഷും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button