പുന്നപ്രയുടെ വീര പുത്രൻ.. അപ്രിയ സത്യങ്ങളുടെ ‘ലൗഡ് സ്പീക്കർ’.. വിടപറഞ്ഞത് ഇടതുപക്ഷത്തെ ഇടനെഞ്ചോട് ചേർത്ത വിപ്ലവ നായകൻ…
കമ്യൂണിസത്തിനു മാറ്റം വന്നപ്പോഴും കമ്യൂണിസ്റ്റ്കാരൻ എന്ന പേരിന് എക്കാലത്തും ഒരൊറ്റ പേര് മാത്രമായിരുന്നു, വി എസ്. ഇനി അതും കാലത്തിന്റെ ഓർമകളിൽ. മുഖം നോക്കാതെ എന്തും വിളിച്ചു പറയുന്നവരെന്ന് വീരവാദം മുഴക്കുന്ന നേതാക്കൾ പോലും പമ്മിയിരുന്ന അവസരങ്ങളിലും തന്റെ ആശയങ്ങളെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് മുന്നിൽ വന്ന പ്രതിബന്ധങ്ങലെ വകഞ്ഞുമാറ്റി മുന്നോട്ട് തലയുയർത്തി നടന്ന നേതാവ്. കനൽവഴികളിലൂടെയെങ്കിലും അടിപതറാതെയുള്ള ദീർഘയാത്രയാണ് വി എസ് അച്യുതാന്ദൻ എന്ന സമര നായകനെ ഔന്നത്യങ്ങളിൽ എത്തിച്ചത്. ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ട വീര്യം.
ആലപ്പുഴയിൽ കയർത്തൊഴിലാളിയായിരിക്കുന്ന സമയത്ത് വി.എസിലെ സമരാഗ്നി കണ്ടെത്തിയത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ്. ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാർഢ്യവും അദ്ദേഹത്തിൽ കണ്ട കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വിഎസിനെ നിയോഗിക്കുകയായിരുന്നു. അങ്ങനെ കൊല്ലും കൊലയും പതിവാക്കിയിരുന്ന ജന്മികളും അവരുടെ ഗുണ്ടകളും സംഘടനാപ്രവർത്തനം ശാരീരികമായിത്തന്നെ ആക്രമിച്ചില്ലാതാക്കുന്ന നാല്പതുകളുടെ ആദ്യത്തിൽ അദ്ദേഹം തന്റെ വിസ്മയകരമായ പോരാട്ടത്തിന് തുടക്കം കുറിച്ചു.
സമൂഹത്തിലെ നിസ്വവർഗമായ കർഷകത്തൊഴിലാളികൾക്ക് അന്തസ്സാർന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാൻ കൃഷ്ണപിള്ളയുടെ നിർദേശം ശിരസ്സാവഹിക്കുകയാണ് വി.എസ്. ചെയ്തത്. ജോലിസമയം ക്ലിപ്തപ്പെടുത്താനും കൂലിവർധിപ്പിക്കാനും കടുത്തപോരാട്ടങ്ങൾക്കൊടുവിൽ സാധ്യമായി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് അത് വഴിവെക്കുകയും ചെയ്തു.
അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളും പിന്നിട്ട 80 വർഷക്കാലം വി.എസിനെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ നിത്യയൗവനമാക്കി. മുഖ്യമന്ത്രി എന്നനിലയിൽ, പ്രതിപക്ഷനേതാവ് എന്നനിലയിൽ അതുല്യമായ ഒരുപാട് സവിശേഷതകൾ അദ്ദേഹം ജനമനസ്സുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിൽ ചിലതുമാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
അസാധാരണനായ സംഘാടകൻ, പുന്നപ്രവയലാർ പോരാട്ടത്തിന്റെ മുൻനിരക്കാരൻ, സമരാനന്തരവർഷങ്ങളിൽ ആലപ്പുഴ പാർട്ടി ജില്ലാകമ്മിറ്റി സെക്രട്ടറി, 1956-ലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപതുപേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ആൾ. 1957-ലെ ഒന്നാം ഇ.എം.എസ്. മന്ത്രിസഭ ഒരാളുടെമാത്രം ഭൂരിപക്ഷമുള്ള സർക്കാരായിരുന്നു. കോടതിവിധിയിലൂടെ വീണ്ടും ഉപതിരഞ്ഞെടുപ്പിലെത്തി. റോസമ്മ പുന്നൂസ് ദേവികുളം മണ്ഡലത്തിൽനിന്നു ജയിച്ചുവരുകയെന്നത് നിർണായകമായിരുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന അജയഘോഷിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻപിടിക്കാൻ വി.എസിനെ ചുമതലപ്പെടുത്തി. സംഘടനാവൈഭവത്തിനുള്ള അംഗീകാരമായിരുന്നു അത്.
വി.എസ്. എന്ന സമരനായകൻ
വി.എസ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നിരന്തരമായ സമരത്തിലായിരുന്നു. വി.എസിന്റെ ജീവിതം മുഴുവൻ സമരതീക്ഷ്ണമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസ്. എത്തി. സമരങ്ങൾക്ക് ഊർജംപകർന്നു. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങൾ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളിലൂടെ, മിച്ചഭൂമി സമരങ്ങളിലൂടെ, പട്ടയസമരങ്ങളിലൂടെ, നഴ്സുമാരുടെ സമരങ്ങളിലൂടെ, കുടിയൊഴിപ്പിക്കലിനെതിരേയുള്ള സമരങ്ങളിലൂടെ, തൊഴിലാളി-സർവീസ് മേഖലയിലെ സമരങ്ങളിലൂടെ ഇപ്പോഴും പ്രവഹിക്കുകയാണ്. എവിടെയും സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുഖമാണ്, അന്നും ഇന്നും.
കേരളത്തിലെ കർഷകരുടെ അവകാശങ്ങൾക്കായി അദ്ദേഹം നയിച്ച സമരങ്ങളാണ് ആദ്യം ശ്രദ്ധനേടിയത്. കർഷകർക്കുള്ള ഭൂവകാശം, പട്ടയം, ഭൂസമരങ്ങൾ എന്നിവയിൽ വി.എസിന്റെ നേതൃത്വത്തിൽനടത്തിയ പോരാട്ടങ്ങൾ ഈ വിഭാഗം ജനങ്ങളിൽ വലിയ സ്വാധീനം സൃഷ്ടിച്ചു. 1950-60 കാലഘട്ടങ്ങളിലെ ഭൂസമരങ്ങളിൽ സജീവപങ്കാളിയായിരുന്നു.
സമരവും ഭരണവും
സമരവും ഭരണവും രചനാത്മകമായി കൂട്ടിയോജിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും വർഗസമര കാഴ്ചപ്പാട് കൈവിടാതെ ജനങ്ങളെ ഒപ്പംനിർത്തി ഏറെ സമരങ്ങൾക്ക് നേതൃത്വംകൊടുത്തു. അവയെല്ലാം വൻ ജനമുന്നേറ്റങ്ങളുമായി.
അഴിമതിക്കെതിരായി തുറന്നതും നിരന്തരവുമായ പോരാട്ടം വി.എസിന്റെ സമരമുഖമായിരുന്നു. നിയമവേദികളെ ഉപയോഗിച്ച് നടത്തിയ സമരങ്ങൾ ഒട്ടേറെയാണ്. കെ. കരുണാകരൻ, ആർ. ബാലകൃഷ്ണപിള്ള, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ അതിന്റെ പൊള്ളലേറ്റവരാണ്.
മികച്ച പ്രതിപക്ഷനേതാവ്
സർക്കാരുകളുടെ കണക്കുപറയാനുള്ള ബാധ്യത നിരന്തരം ഫലപ്രദമായി ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷനേതാവെന്നവിലയിൽ വി.എസ്. വിജയകരമായി ഏറ്റെടുത്തിരുന്നു. മൂന്നുതവണയായി 14 വർഷക്കാലം അദ്ദേഹം പ്രതിപക്ഷനേതാവായി തുടരുകയും ചെയ്തു. 2011-16 കാലയളവ് ഏറെ ശ്രദ്ധനേടിയതാണ്.
കമ്യൂണിസ്റ്റ് പാർട്ടിക്ക് അച്ചടക്കം ഒരു പെരുമാറ്റസംഹിതയാണ്. അത് അടിച്ചേൽപ്പിക്കുന്ന അച്ചടക്കമല്ല. സ്വമേധയാ ഉൾക്കൊണ്ട് അംഗീകരിക്കുന്ന ഒന്നാണ്. പാർട്ടി മുന്നോട്ടുവെക്കുന്ന ലക്ഷ്യം സാധ്യമാക്കാൻ കെട്ടുറപ്പുള്ള സംഘടനവേണം. ഉൾപ്പാർട്ടി ചർച്ചകൾ ഈ സംവിധാനത്തെ കൂടുതൽ ഊർജസ്വലമാക്കും. ഉൾപ്പാർട്ടി സമരങ്ങളെ തുടർച്ചയായി ഉപയോഗപ്പെടുത്തിക്കൊണ്ട് വി.എസ്. ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. സ്വന്തം നിലപാടിന്റെ പ്രകാശനത്തിന് പാർട്ടിക്ക് അംഗീകരിക്കാനാവാത്ത രീതികൾ ചിലപ്പോഴൊക്കെ വി.എസ്. സ്വീകരിച്ചിട്ടുണ്ട്. ഈ വ്യതിയാനം അച്ചടക്കനടപടി ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പി.ബി. അംഗത്വം ഒഴിവാക്കുന്നതുവരെയുള്ള ഗൗരവമായ നടപടി പാർട്ടിക്ക് സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം വി.എസ്. അതിനോട് പൂർണമായി സഹകരിക്കുകയും തെറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് രാജ്യത്തെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിൽനിന്ന് പാർട്ടി പ്രതീക്ഷിക്കുന്നതാണ്. അത് മാതൃകയാണ്.
സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തിനു നൽകിയ പിന്തുണ
ഇന്ത്യയിൽ സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനം ആരംഭിക്കുന്ന ഘട്ടത്തിൽത്തന്നെ വി.എസ്. അതിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാക്കി. ആഗോള സോഫ്റ്റ്വേർ മേഖലയിലെ കുത്തകവത്കരണത്തിനെതിരേ ആ മേഖലയിലെ തൊഴിലാളികളുടെ സമരരൂപമായിട്ടായിരുന്നു വി.എസ്. ആ പ്രസ്ഥാനത്തിനെ കണ്ടത്. എല്ലാ പിന്തുണയും നൽകി. മുന്നിൽവരുന്ന ഒരു വിഷയത്തെ പ്രത്യയശാസ്ത്ര അടിത്തറയിൽ മനസ്സിലാക്കുന്നതിനുള്ള വി.എസിന്റെ അപാരമായ വൈഭവമായിരുന്നു അത്. ഇത് കേരളത്തെ ഇന്ത്യയിലെത്തന്നെ സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തിന്റെ ഒരു പ്രധാനകേന്ദ്രമാക്കി. 2006-2011 കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വി.എസ്. പരിസ്ഥിതിസംരക്ഷണത്തെ മാർക്സിസ്റ്റ് കാഴ്ചപ്പാടിലാണ് സമീപിച്ചത്. അതായത് തുല്യമായ വിതരണത്തിന്റെയും പുനരുപയോഗത്തിന്റെയും അടിസ്ഥാനത്തിലുള്ള സമീപനം. പ്രകൃതിചൂഷണത്തെയും വികസനത്തെയും മാർക്സിയൻ നിലപാടിൽ സമീപിച്ചു. ശാസ്ത്രീയമല്ലാത്ത വ്യാവസായികവികസനം, മൂലധനവിപുലീകരണം, കാർഷികഭൂമിയുടെ വ്യാപ്തികൂട്ടൽ എന്നിവ പ്രകൃതിയുടെ വിനാശം ഉണ്ടാക്കുന്നുെവന്നതാണ് വി.എസിന്റെ പരിസ്ഥിതിസംരക്ഷണത്തോടുള്ള നിലപാട്.
വി.എസ്. പ്രകൃതിസംരക്ഷണത്തെയും പരിസ്ഥിതിപ്രശ്നങ്ങളെയും സാമൂഹികനീതിയുമായി ചേർത്ത് കണ്ടു. പരിസ്ഥിതിയിലുണ്ടാകുന്ന ഏതൊരു നാശവും താഴെയുള്ള ജനവിഭാഗങ്ങൾക്കാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ഇരകളാക്കപ്പെടുന്നവരുടെയും സംരക്ഷണത്തിനുവേണ്ടി നിലപാടെടുക്കുന്നതും അവരുടെ സമരഭൂമികളിൽ അവരോടൊപ്പം ചേരുന്നതും രാഷ്ട്രീയപ്രവർത്തനമായിത്തന്നെയാണ് വി.എസ്. കണ്ടത്. സൂര്യനെല്ലി കേസടക്കം ഇത്തരത്തിലുള്ള എല്ലാ സമരവഴിത്താരകളിലും വി.എസിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. വി.എസിന്റെ ജനസമ്മതി വർധിക്കാൻ ഇതും കാരണമായിട്ടുണ്ട്-പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ. കുടിയൊഴിപ്പിക്കപ്പെടുന്നവർ, ഭരണകൂടഭീകരതയ്ക്ക് ഇരയാക്കപ്പെട്ടവർ എന്നിവർക്കൊക്കെ ഒപ്പം വി.എസ്. നിന്നു.
ക്രൗഡ് പുള്ളർ
ഇന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരളത്തിനകത്ത് ഇത്രയധികം ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കൾ ചുരുക്കമേയുള്ളൂ. വൻ ജനക്കൂട്ടത്തെ ആകർഷിക്കാനും സാധാരണക്കാരുമായി സംവദിക്കാനുമുള്ള കഴിവ് ഒരു നേതാവെന്നനിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയാണ്. ഇതിനുകാരണങ്ങൾ പലതാണ്. തൊഴിലാളികൾ, കർഷകർ, തൊഴിൽരഹിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിങ്ങനെ സാധാരണക്കാരുടെ ദൈനംദിനപ്രശ്നങ്ങളുമായി ബന്ധപ്പെടാൻ വി.എസിന് അസാധാരണമായ കഴിവുണ്ടായിരുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലുള്ള ലളിതമായ ജീവിതം അദ്ദേഹത്തെ പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനാക്കി.
വി.എസിന്റെ പ്രസംഗപാടവം ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായകമായിരുന്നു. വ്യക്തതയോടും കണിശമായും അദ്ദേഹം സംസാരിച്ചു. പലപ്പോഴും നർമത്തോടെ സംസാരിച്ചു. അത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ ആകർഷകവും അവിസ്മരണീയവുമാക്കി. അദ്ദേഹം പ്രസംഗങ്ങളിലൂടെ അഴിമതി, സാമൂഹിക അസമത്വങ്ങൾ, വരേണ്യവർഗത്തിന്റെ അധികാരം എന്നിവയെ ശക്തമായി വിമർശിച്ചു.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വി.എസ്. എന്നും സ്ഥിരതപുലർത്തി. തൊഴിലാളികളുടെയും കർഷകരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾക്കായി ഉറച്ചുനിന്നു. സോഷ്യലിസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. ഈ പ്രത്യയശാസ്ത്ര വ്യക്തതയും ദൃഢതയും അദ്ദേഹത്തെ ബഹുജനങ്ങൾ വിശ്വസിക്കുന്ന നേതാവാക്കി.
കനൽവഴികളിലൂടെയുള്ള ദീർഘയാത്ര അദ്ദേഹത്തെ ഔന്നത്യങ്ങളിലെത്തിച്ചു. അത് ഒരു വിസ്മയമാണ്. അതിന്റെ അടിസ്ഥാനം ജനങ്ങൾ വാരിക്കോരിക്കൊടുത്ത ആദരവും സ്നേഹവുമാണ്. പാരമ്പര്യത്തിന്റെ മേലങ്കിയില്ലാത്ത വി.എസ്. അധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമാണ് എന്നും ഉയർത്തിപ്പിടിച്ചത്. ഒരു ഘട്ടത്തിലും പതറിയില്ല. സ്വഭാവഹത്യകൾ, കെട്ടിച്ചമച്ച ആരോപണങ്ങൾ എത്രയെത്ര! പ്രതിയോഗികളെപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ചക്രവ്യൂഹങ്ങളെ ഭേദിച്ച് പുറത്തുവന്ന വി.എസ്. ആ വ്യക്തിത്വത്തിന്റെ സവിശേഷത നിലയ്ക്കാത്ത സമരബോധവും പ്രശാന്തമായ സുതാര്യതയുമാണ്.